ഗ്രാമങ്ങൾ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലേക്ക്... നീരുറവ് പദ്ധതിയുമായി വിതുര പഞ്ചായത്ത്
വിതുര : വേനൽ മൂർച്ഛിക്കും മുൻപേ ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളാണ് കൂടുതലും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരുന്നത്. ഇവിടങ്ങളിൽ പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. തുലാവർഷം തിമിർത്തുപെയ്തതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും ഉയർന്ന മേഖലകളിലെ അവസ്ഥ വിഭിന്നമാണ്. വേനൽ കടുത്തതോടെ നിലവിലുണ്ടായിരുന്ന ജലം താഴ്ന്നുതുടങ്ങി. തൊളിക്കോട് പഞ്ചായത്തിലെ പച്ചമല, തേക്കുംമൂട് ഉണ്ടപ്പാറ, വിതുര പഞ്ചായത്തിലെ പോറ്റിക്കുന്ന് പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. എല്ലാവർഷവും വേനൽക്കാലത്ത് കടുത്ത ജലക്ഷാമമാണ് ഈ മേഖലകളിൽ അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം നടന്ന് നദിയിൽ നിന്നും മറ്റും ശേഖരിച്ച് കൊണ്ടുവരുന്ന ജലമാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. കാലങ്ങളായുള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. കുടിവെള്ളത്തിനായി നിരവധി തവണ സമരപരമ്പരകൾ തന്നെ അരങ്ങേറിയിട്ടുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി എട്ട് വർഷംമുൻപ് ആവിഷ്കരിച്ച ശുദ്ധജല പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. പദ്ധതിയുടെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം.
വിതുരയിലെ നീരുറവ് പദ്ധതി
വിവിധ വകുപ്പുകളുടെ കീഴിലുള്ള നീർത്തട പദ്ധതികളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന നീരുറവ് പദ്ധതിക്ക് വിതുര പഞ്ചായത്തിൽ തുടക്കം കുറിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതമിഷനും തൊഴിലുറപ്പ് പദ്ധതിയും പഞ്ചായത്തുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മുൻവർഷങ്ങളിൽ നേരിട്ട കടുത്ത ജലക്ഷാമം വിലയിരുത്തിയാണ് ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ആദിവാസി മേഖലകളിലുള്ള കുളങ്ങൾ, കൈത്തോടുകൾ, നീരൊഴുക്കുകൾ എന്നിവ സംരക്ഷിക്കും. നാട്ടുകാരെയും പങ്കെടുപ്പിച്ച് ബൃഹത് പദ്ധതിയാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പഴയ കുളങ്ങളും കൈത്തോടുകളും നീർച്ചാലുകളും വൃത്തിയാക്കും. ചുറ്റുമുള്ള കാടും പടർപ്പും നീക്കി കല്ലടുക്കും. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി വലകൾകൊണ്ട് സുരക്ഷാവേലികൾ നിർമ്മിക്കും. കൂടാതെ വിതുര പഞ്ചായത്തിലൂടെ ഒഴുകുന്ന വാമനപുരം നദിയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കരമനയാറിനെയും ശുചീകരിക്കും. നീരുറവ് പദ്ധതിയുടെ ബോണക്കാട് നടന്ന ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് നിർവഹിച്ചു. ബോണക്കാട് വാർഡ്മെമ്പർ വത്സല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ്, തള്ളച്ചിറ വാർഡ്മെമ്പർ സിന്ധു, മണിതൂക്കി വാർഡ് മെമ്പർ ലൗലി തുടങ്ങിയവർ പങ്കെടുത്തു.
പൈപ്പ് പൊട്ടി ജലം പാഴാകുന്നു
ജനം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നത് പതിവ് കാഴ്ചയാണ്. വിതുര പഞ്ചായത്തിലെ കലുങ്ക് ജംഗ്ഷന് സമീപം മാസങ്ങളായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകിയിട്ടും നടപടികളൊന്നും തന്നെയില്ല. അതേസമയം പൊന്മുടി ചുള്ളിമാനൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ റോഡരികിലുണ്ടായിരുന്ന പൈപ്പുകൾ മാറ്റിയിരുന്നു. അതും ഇതുവരെയായി പുനസ്ഥാപിച്ചിട്ടില്ല. പൈപ്പ്ലൈനിന്റെ പണിയും പൂർത്തിയായില്ല.