സാദ്ധ്യതകൾ തുറന്ന് കൊച്ചുവേളി

Tuesday 03 January 2023 3:22 AM IST

തിരുവനന്തപുരം:ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ് സംവിധാനം കമ്മിഷൻ ചെയ്‌തതോടെ കൊച്ചുവേളിയുടെ സാദ്ധ്യതകളും ഇരട്ടിയാകുന്നു.112 റൂട്ടുകളും 21 സിഗ്നലുകളും ഇനി കൊച്ചുവേളിയിലിരുന്നു നിയന്ത്രിക്കാം. സമയനഷ്ടം ഒഴിവാക്കി ട്രെയിനുകൾ കൃത്യസമയം പാലിച്ച് സർവീസ് നടത്താനാകുമെന്നതാണ് മേന്മ. അപകടങ്ങളും ഒഴിവാക്കാം. 6 പ്ലാറ്റ്‌ഫോമുകൾ,5 സ്റ്റേബിളിംഗ് ലൈനുകൾ,അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്‌ലൈനുകൾ എന്നിവയാണ് കൊച്ചുവേളിയിൽ നിലവിലുള്ളത്. പരിമിത സൗകര്യങ്ങളോട് ഗുഡ്ബൈ പറഞ്ഞതോടെ കൂടുതൽ സർവീസുകളും കൊച്ചുവേളിയിലെത്തുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികൾ. കൂടുതൽ പ്ലാറ്റ്‌ഫോം സൗകര്യം വന്നതോടെ ട്രെയിനുകൾ അനാവശ്യമായി ഔട്ടറിൽ പിടിച്ചിടുന്നത് ഒഴിവാക്കാൻ കഴിയും. 2005ൽ പ്രവർത്തനമാരംഭിച്ച സ്റ്റേഷനിൽ 6 പ്ലാറ്റ്‌ഫോമുകളിൽ മൂന്നെണം മാത്രമായിരുന്നു പ്രവർത്തന ക്ഷമമായിരുന്നത്. ഒന്നിൽ ട്രാക്ക് ഇല്ലായിരുന്നു. രണ്ടെണ്ണത്തിൽ സിഗ്നൽ സംവിധാനവും. മൈസൂരു – കൊച്ചുവേളി, ബംഗളൂരു – കൊച്ചുവേളി ഹംസഫർ എന്നിവ രാവിലെ പ്ലാറ്റ്‌ഫോം കാത്ത് ഔട്ടറിൽ കിടക്കണമായിരുന്നു. ധൻബാദ് – ആലപ്പി എക്സ്പ്രസ്, കണ്ണൂർ – ആലപ്പി എക്സ്പ്രസ് കൊച്ചുവേളിയിലേക്കു നീട്ടുക, കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ആഴ്ചയിൽ മൂന്നു ദിവസമാക്കുക,കൊച്ചുവേളിയിൽനിന്ന് കൊല്ലം,ചെങ്കോട്ട വഴി പോണ്ടിച്ചേരിയിലേക്കു പുതിയ സർവീസ് തുടങ്ങുക എന്നിവയാണ് യാത്രക്കാരുടെ ആവശ്യങ്ങൾ.

യാത്രാസൗകര്യം പരിമിതം

കൊച്ചുവേളിയിൽ ഇറങ്ങുന്നവർ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് നഗരത്തിലേക്കുള്ള യാത്രാ സൗകര്യമാണ്. കെ.എസ്.ആർ.ടി.സിയുടെ സർവീസ് പരിമിതമാണെന്ന ആക്ഷേപമുണ്ട്.ട്രെയിനിറങ്ങുന്നവർ ഓട്ടോറിക്ഷക്കാർ ചോദിക്കുന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. കെ.എസ്ആർ.ടി.സി സർക്കുലർ ബസുകളുൾ കൊച്ചുവേളിയിലേക്ക് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് താത്പര്യമില്ലെന്നാണ് ആക്ഷേപം.