പുതുവത്സരാഘോഷത്തിനിടെ ആക്രമണം: മൂന്ന് പേർ പിടിയിൽ

Tuesday 03 January 2023 1:36 AM IST

വക്കം: പുതുവത്സര ആഘോഷത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് പഴഞ്ചിറ പറകുന്നിൽ വീട്ടിൽ അനിൽ കുമാർ എന്ന് വിളിക്കുന്ന പൃഥി (37), കീഴാറ്റിങ്ങൽ ഏലാപുറം പുത്തൻവിളയിൽ കൊച്ചുകാമ്പൂർ വീട്ടിൽ ബിജു (43), ചിറയിൻകീഴ് നിലയ്ക്കാമുക്ക് മണ്ണാത്തി മൂലയിൽ വയലിൽതിട്ട വീട്ടിൽ സൈജു (43) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

മേൽകടയ്ക്കാവൂർ തിനവിള ലക്ഷംവീട് അങ്കണവാടിക്ക് സമീപം പുതുവത്സരം ആഘോഷിച്ചുകൊണ്ടിരുന്ന സംഘത്തിനു നേരെ മദ്യലഹരിയിൽ ബൈക്കോടിച്ചു കയറ്റി മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയും, അതിനെ ചോദ്യംചെയ്ത കീഴാറ്റിങ്ങൽ തിനവള മുളക്കോട് ചരുവിള പുത്തൻവീട്ടിൽ ഷിജിത്ത് (22), സുഹൃത്തുക്കളായ നവീൻ, കാർത്തിക് എന്നിവരെ ആക്രമിക്കുകയും ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളാണ് അറസ്റ്രിലായത്.

ഗുരുതരമായി പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണിപ്പോൾ. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവനന്തപുരം റൂറൽ എസ്.പി ശില്പയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്‌പെക്ടർ ദീപു എസ്.എസ്, എസ്.സി.പി.ഒമാരായ ജ്യോതിഷ് കുമാർ, ബാലു, അനീഷ്, ഗിരീഷ്, സി.പി.ഒമാരായ സിയാദ്,ശ്രീഹരി, അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഓടിച്ചിരുന്ന ബൈക്കും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കടയ്ക്കാവൂർ, മറ്റ് സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.