നടുറോഡിൽ മദ്ധ്യവയസ്‌കനെ കുത്തിപ്പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ

Tuesday 03 January 2023 1:08 AM IST

കടയ്‌ക്കാവൂർ: പുതുവർഷദിനത്തിൽ രാവിലെ നിലയ്‌ക്കാമുക്ക് ജംഗ്ഷനിലെ നടുറോഡിൽ മദ്ധ്യവയസ്‌കനെ കുത്തിപ്പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ. കടയ്‌ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ കുമാർ എന്ന ചപ്രകുമാറാണ് ( 45 ) പിടിയിലായത്. കടയ്‌ക്കാവൂർ ശാ‌സ്‌താംനടയ്‌ക്ക് സമീപം പിറക്കറി പുത്തൻവീട്ടിൽ സുനിൽകുമാറിനെയാണ് കുത്തിപ്പരിക്കേല്പിച്ചത്.

മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് സുനിൽകുമാറിനെ പ്രതി ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയും ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ സുനിൽകുമാറിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിന് ശേഷം ചപ്രകുമാർ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസെത്തി പ്രതിയെ സാഹസികമായി പിടികൂടിയത്. കടയ്‌ക്കാവൂർ,​ ചിറയിൻകീഴ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

റൂറൽ എസ്.പി ശില്പ, വർക്കല ഡിവൈ.എസ്.പി പി. നിയാസ് എന്നിവരുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്,​ സബ് ഇൻസ്‌പെക്ടർ ദീപു. എസ്.എസ്,​ എ.എസ്.ഐ രാജീവ്,​ സി.പി.ഒമാരായ ശ്രീഹരി,​ സുജിൽ,​ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.