ജൂലി മാത്യു ചുമതലയേറ്റു ,അമേരിക്കൻ ജഡ്ജിയായി

Monday 02 January 2023 9:17 PM IST
ഭീമനടിയിലെ വീട്ടിൽ ജൂലി മാത്യു ടെക്സസ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ചെറുപുഴ: അമേരിക്കൻ നീതിപീഠത്തിലേക്ക് രണ്ടാമതും ജഡ്ജിയായി ജൂലി മാത്യു സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഭീമനടിയിലെ വീട്ടിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ അമേരിക്കയിലെ ടെക്സസിലേക്ക് യാത്ര തിരിക്കും.

ടെക്സാസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ടിലാണ് രണ്ടാമതും ജഡ്ജിയായി നിയമിതയാകുന്നത്. അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ജഡ്ജിയാണ് ജൂലി മാത്യു.പ്രിസൈഡിംഗ് ജഡ്ജിയായ ജൂലി മാത്യുവാണ് അമേരിക്കയിലെ സിവിൽ, ക്രിമിനൽ, പ്രൊബേറ്റ് , ജുവനൈൽ കേസുകളിൽ ഇനി വിധി പറയുക. കൗണ്ടി കോർട്ടിലെ ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്കാണ് ജൂലി മാത്യു മത്സരിച്ച് കയറിയത്.സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം ഭീമനടി ക്രിസ്തുരാജ് പള്ളി വികാരി ഫാ. ജോസഫ് തൈകുന്നുപ്പുറവും സംബന്ധിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കോടതി

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി അമേരിക്കയിൽ പ്രത്യേക കോടതി ആരംഭിച്ചത് ജൂലി മാത്യുവായിരുന്നു. പെൻ സ്റ്റേറ്റ് സർവ്വകലാശാല, ഡെലവൊർലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് 15 വർഷം അറ്റോർണിയായി ജൂലി പ്രവർത്തിച്ചു.

പഠന സമയത്തു എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ സഹകരണത്തോടെ ഗവേഷണ പഠനത്തിനായി റഷ്യ സന്ദർശിച്ചു.

പ്രാദേശിക സർക്കാർ ബോഡികളിൽ പ്രവർത്തിക്കുന്നതാണ് ജനങ്ങളെ മനസ്സിലാക്കുന്നതിനും പരിഹാരം കണ്ടെത്താനുമുള്ള ഏറ്റവും ഉചിതമായ വേദി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്-ജൂലി മാത്യു

Advertisement
Advertisement