വീട്ടമ്മയുടെ മാല കവർന്ന പ്രതി പിടിയിൽ

Tuesday 03 January 2023 1:48 AM IST

കൊയിലാണ്ടി: വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്ന യുവാവിനെ പൊലീസ് പിടികൂടി. കൊയിലാണ്ടി

ജയിൽ റോഡിലെ മൊയ്തീം പള്ളിക്ക് സമീപം സി.കെ ഹൗസിൽ നഫീസയുടെ സ്വർണമാലയാണ് കവർന്നത്. ഉള്ളൂർ സ്വദേശി സായൂജിനെ കസ്റ്റഡിയിലെടുത്തു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് യുവാവ് വീട്ടിലെത്തിയത്. വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയ സമയം നഫീസയെ പിൻ തുടർന്ന് അടുക്കളയിലെത്തി മാല പൊട്ടിക്കുകയായിരുന്നു. നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നത്. . സംഭവത്തെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സി.ഐ എൻ.സുനിൽ കുമാർ, എസ്.ഐ എം.എൽ. അനൂപ്, എസ്.ഐ ഫിറോസ്, സി.പി.ഒ അനൂപ്, രാഗി എന്നിവർ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പുകൾ പൂർത്തികരിച്ച് ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ സായൂജ് പറഞ്ഞു.