തെയ്യോട്ടുകാവിന്റെ പവിത്രഭൂമിക്ക് സമീപം പൂർത്തിയാകുന്നു ലാറ്റക്സ് കമ്പനി

Monday 02 January 2023 9:57 PM IST

ചീമേനി: റബ്ബറിൽ നിന്ന് സർജ്ജിക്കൽ ഗ്ളൗസും മാസ്കുമടക്കമുള്ളവ നിർമ്മിക്കുന്ന രാസമാലിന്യഭീഷണി ഒട്ടേറെയുള്ള ലാറ്റക്സ് കമ്പനി പരിസ്ഥിതി ലോലമേഖലയായ ആലപ്പടമ്പ് തെയ്യോട്ട് കാവ് പരിസരത്തേക്ക് . ജിയോളജി വകുപ്പും പൊലൂഷൻ കൺട്രോൾ ബോർഡും പ്രവർത്തനാനുമതി നൽകിയതോടെ റോയൽ ലാ​റ്റക്‌സ് കമ്പനിയുടെ പ്രവൃത്തി 60 ശതമാനത്തിലധികം പൂർത്തിയായി കഴിഞ്ഞു.

റെഡ് ലിസ്​റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കമ്പനിക്ക് നിലവിലെ നിയമമനുസരിച്ച് ജനവാസ മേഖലയും വനവും ജല സ്രോതസ്സുകളുടെ ഉത്ഭവസ്ഥാനവുമായ ഈ പ്രദേശത്ത് പ്രവർത്തിക്കാൻ കഴിയില്ല.കേരളത്തിൽ നിലവിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് റോയൽ ലാറ്റക്സ് കമ്പനിയുടെ യൂണി​റ്റ് പ്രവർത്തിക്കുന്നത്.ആ യൂണി​റ്റിനെ മുഴുവനായും ആലപ്പടമ്പിലേക്ക് മാ​റ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സി.എഫ്.ഒ അനുമതി കൂടി ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കുമെന്നുമാണ് കമ്പനിയുടെ ഭാഗത്തു നിന്നുമുള്ള പ്രതികരണം.

കമ്പനിയിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ ജനവാസ മേഖലയ്ക്കിടയിലൂടെ ഒഴുകുന്ന തോട്ടിലൂടെ കടന്ന് പോയി വെള്ളൂർ പുഴയിൽ ലയിച്ച് കവ്വായി കായലിലേക്കാണ് ചേരുക.തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടാൻ പാകത്തിൽ ഇപ്പോൾ തന്നെ ഇവിടെ കനാലുകൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ കമ്പനിയുടെ പ്രവർത്തനം പരിസ്ഥിതി പ്രശ്നങ്ങൾക്കൊന്നും ഇടയാക്കില്ലെന്നും ആശങ്കപ്പെടുന്നതുപോലൊരു പ്രശ്നമുണ്ടെങ്കിൽ ജനത്തിനൊപ്പം നിൽക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

മലിനമാകും ജലസ്രോതസ്സുകൾ

അമോണിയയും മ​റ്റ് നിരവധി ആസിഡുകളും കലർന്ന ഫാക്ടറിയിൽ നിന്ന് പുറന്തള്ളാൻ പോകുന്ന വെള്ളം വേനൽ കാലത്ത് ഭൂമിയിലേക്ക് താഴ്ന്ന് കിണറുകളിലേക്കും, കൃഷി ഭൂമിയിലേക്കും, പ്രദേശത്തെ മ​റ്റ് ജല സ്രോതസുകളിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രദേശത്തെ പരിസ്ഥിതി-സാമൂഹിക പ്രവർത്തകരുടെയും നാട്ടുകാരുടെയും ആശങ്ക.

ജിയോളജി വകുപ്പും പൊലൂഷൻ കൺട്രോൾ ബോർഡുമാണ് കമ്പനിക്ക് അനുമതി നൽകിയത്.ഇതിന് പിന്നാതെ പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് മാത്രമാണ് നൽകിയത്.ജനങ്ങൾ ആശങ്കപ്പെടേണ്ട തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് സാദ്ധ്യതയില്ല.അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ജനങ്ങൾക്കൊപ്പം നിൽക്കും.

എം.വി.സുനിൽ കുമാർ,പഞ്ചായത്ത് പ്രസിഡന്റ്,കാങ്കോൽ ആലപ്പടമ്പ്

അറിയണം ഈ നിഗൂഢസൗന്ദര്യത്തെ

കാമറയുടെ കാഴ്ചയിൽ ഒരിക്കലും പതിച്ചിട്ടില്ലാത്ത , അതിന് അനുവാദമില്ലാത്ത കാടിന്റെ അത്യഗാധതയിലേക്ക് നോക്കി നില്ക്കുന്ന ഏകാകിയായ തെയ്യം എന്ന അനുഭവമാണ് തെയ്യോട്ടുകാവിന്റെ പല വ്യത്യസ്തതകളിലൊന്ന്. തന്ത്രിക്ക് പ്രവേശിക്കാനാകാത്ത ഇടമാണ് തെയ്യോട്ടുകാവ്. തെയ്യത്തിലെ നിഗൂഢഗഹനതയാണ് തെയ്യാട്ട്കാവും മുതലാൾ എന്ന തെയ്യവും.അമ്പതേക്കറിലായി പടർന്ന് തഴച്ച നിബിഢവനഭൂവിലാണ്, ആണെന്നോ പെണ്ണെന്നോ വെളിപ്പെടാത്ത മുതലാളും കൂടെയുള്ളോറായ നരിയും കഴിയുന്നത്. മലയടിവാരങ്ങളിലെ വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ച് കഴിയുന്ന മാവിലൻ ഗോത്രനിവാസികളാണ് ഈ കാടിന്റെയും മുതലാളിന്റെയും നേരവകാശികൾ. വെറും ചൂട്ടുവെളിച്ചത്തിന്റെ ഇത്തിരി നിഴൽപ്പാട് മാത്രം. ചുറ്റിലും കാട്. കാവിലോ കാവിന് പരിസരത്തൊ കളിയാട്ടം നടക്കുമ്പോൾ വൈദ്യുത വെളിച്ചം പാടില്ല. കാവിലെ മരങ്ങൾ മുറിക്കുന്നതിനോ മറ്റ് നിർമ്മിതികളോ അനുവദനീയമല്ല. കാട് തെയ്യത്തിനും മണ്ണിലെ സമൃദ്ധികളൊക്കെയും കാടിനെ ഉപാസിക്കുന്ന മാവിലർക്കും സമ്മതിച്ച പ്രദേശമാണിത്.

Advertisement
Advertisement