പുതുവർഷ ആഘോഷത്തിനിടെ കുടുംബത്തിനു നേരെ അക്രമണം

Tuesday 03 January 2023 2:00 AM IST

വടകര: പുതുവർഷ ആഘോഷത്തിനിടെ കല്ലേരിയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ ഒരു സംഘം അക്രമിച്ചതായി പരാതി. പരിക്കേറ്റ കൂളിപ്പൊയിൽ സതീശൻ (49) ഭാര്യ സ്മിത (39) മകൾ അനുസ്മിയ (8) എന്നിവർ വടകര ഗവ.അശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തു.

പുതുവർഷ രാത്രിയിൽ പന്ത്രണ്ടുമണിയോടെ കല്ലേരി പാലത്തിനു സമീപമാണ് സംഭവം. പ്രദേശത്തെ കലാസാസംസ്‌കാരിക പ്രവർത്തകർ നടത്തിയ പരിപാടിയിൽ മകളുടെ പാട്ടിനു ശേഷം വീട്ടിലേക്ക് കുടുംബസമേതം മടങ്ങുമ്പോൾ ഒരു സംഘം പിന്നിൽ നിന്ന് അക്രമിക്കുകയായിരുന്നെന്ന് സതീശൻ പറഞ്ഞു.

ആയുധധാരികളായ സംഘത്തിന്റെ അടിയിൽ നിന്നും ഒഴിഞ്ഞുമാറിയ തന്നെ നിലത്തിട്ട് അതി ക്രൂരമായി മർദ്ദിച്ചു. കൂടെയുണ്ടായിരുന്ന മകൾ തെറിച്ചുവീണു. സംഘർഷത്തിനിടെ ഭാര്യക്കും പരിക്കേറ്റു. കല്ലേരിയിൽ കുട്ടിച്ചാത്തൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സതീശന്റെ വീടിന് സമീപത്ത് ചെറിയ സംഘർഷങ്ങളുണ്ടായിരുന്നു. അതേതുടർന്നുള്ള സംഭവ വികാസങ്ങൾ നാട്ടിലെ സി.പി.എം നേതാക്കളും പൊതുപ്രവർത്തകരുമെല്ലാം ഒരുമിച്ചിരുന്ന് പരിഹരിച്ചതാണ്. ഇനിയൊരു സംഘർഷം നാട്ടിലുണ്ടാവരുതെന്ന് പാർട്ടി നേതൃത്വത്തിൽ ഉറപ്പ് നൽകിയ ശേഷമാണ് ഒരു കുടുംബം ഒന്നടങ്കം അക്രമിക്കപ്പെട്ടത്. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തതായി വടകര സി.ഐ മനോജ് പറഞ്ഞു.