ബഫർസോണല്ല; ധാതു സമ്പത്ത് പഠനത്തിനെന്ന് വിശദീകരണം അടയാളത്തിൽ ആശ്വാസം

Monday 02 January 2023 10:02 PM IST
ബഫർ സോൺ ആശങ്കയ്ക്കിടെ അടയാളമിട്ടത് സംബന്ധിച്ച് കേരളകൗമുദി ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്

ഇരിട്ടി: അയ്യങ്കുന്നിൽ 14 സ്ഥലത്ത് ചുവന്ന അടയാളമിട്ടത് ധാതുസമ്പത്ത് പഠനത്തിനെന്ന് പൊലീസ് മുമ്പാകെയെത്തിയ രണ്ട് ഇതര സംസ്ഥാന ജീവനക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ ധാതു പഠനത്തിന് ചുമതലപ്പെടുത്തിയ മഹാരാഷ്ട്രയിലെ ധാതുപഠന കേന്ദ്രം ജീവനക്കാരാണ് അടയാളപ്പെടുത്തലിന് പിന്നിലെന്ന് ഇതോടെ വ്യക്തമായി. ജീവനക്കാരായ ഗൗരവ്കുമാർ, വിശ്വജിത്ത് പാൽ എന്നിവരുൾപ്പെട്ട സംഘമാണ് അയ്യങ്കുന്നിൽ അടക്കം അടയാളമിട്ടതെന്നാണ് സൂചന. ഇവർ ഇരുവരും അടയാളമിടാൻ അനുമതി തേടി തിങ്കൾ രാവിലെ പയ്യാവൂർ പൊലീസ് സ്‌റ്റേഷനിൽ അപേക്ഷയുമായെത്തി. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ അടയാളങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇരുവരെയും പൊലീസ് കലക്‌ട്രേറ്റിൽ എത്തിച്ചു. എഡിഎം കെ കെ ദിവാകരൻ ഇരുവരുമായി സംസാരിച്ചു. സംസ്ഥാനാതിർത്തി അറിയാത്തതിനാലാണ് മുൻകൂർ അനുമതി വാങ്ങാതിരുന്നതെന്ന് ഇരുവരും അധികൃതരെ അറിയിച്ചു. കലക്ടറെത്തി ചൊവ്വാഴ്ച ഇവരിൽ നിന്ന് കൂടുതൽ വിശദീകരണം തേടും. ചൊവ്വാഴ്ച വീണ്ടും എത്തിക്കണമെന്ന ഉറപ്പിൽ ഇരുവരെയും പൊലീസിനൊപ്പം പറഞ്ഞയച്ചു. കഴിഞ്ഞ ദിവസമാണ് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ്, കച്ചേരിക്കടവ്, കളിതട്ടുംപാറ മുടിക്കയം എന്നിവിടങ്ങളിൽ റോഡിൽ ഉൾപ്പെടെ ചുവന്ന പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയത്. കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ കേരളത്തിലെ മൂന്ന് ഗ്രാമങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗാമാണ് അടയാളപെടുത്തൽ എന്ന ആശങ്ക ജനങ്ങളിൽ പടർന്നിരുന്നു.

ബഫർസോൺ വിപുലപ്പെടുത്താനുള്ള അടയാളപ്പെടുത്തലല്ലെന്ന് ഉറപ്പിച്ചതോടെ അയ്യങ്കുന്ന് പഞ്ചായത്ത് ഉൾപ്പെടെയുള്ള കർണാടക സമീപ കേരള ഗ്രാമങ്ങൾ സമാശ്വാസത്തിലായി.