കടയുടെ ഷട്ടർ തകർത്ത് 1.8 ലക്ഷം രൂപ കവർന്നു

Tuesday 03 January 2023 1:05 AM IST

കാസർകോട്: കുമ്പളയിൽ മൊത്തവിതരണ കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് 1,80,000 രൂപ കവർന്നു. സർക്കാർ ആശുപത്രിക്ക് സമീപത്തെ അബ്ദുൽ ഖാദറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എം.എ. സ്റ്റോറിലാണ് കവർച്ച നടന്നത്. രാവിലെ കട തുറക്കാനായി വന്ന ജീവനക്കാരാനാണ് പൂട്ട് തകർത്ത നിലയിൽ കാണുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ബാങ്ക് അവധി ആയതിനാൽ ഇന്നലെ ബാങ്കിൽ അടയ്ക്കാനായി മേശ വലിപ്പിൽ സൂക്ഷിച്ച പണമാണ് കവർന്നത്. ഇന്നലെ പുലർച്ചെ ഒരു ഓട്ടോ ഈ കടയുടെ പരിസരത്ത് കറങ്ങിയിരുന്നതായി ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. കുമ്പള പൊലീസ് ഓട്ടോയുടെ നമ്പർ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്.

Advertisement
Advertisement