ജസ്നയുടെ ചിത്രങ്ങൾ ഇനി വെണ്ണക്കണ്ണന്

Monday 02 January 2023 10:17 PM IST

തൃശൂർ: നൂറ്റൊന്ന് വെണ്ണക്കണ്ണന്മാരുടെ ചിത്രം ഗുരുവായൂരപ്പന് സമർപ്പിച്ചതിലൂടെ ജീവിതാഭിലാഷം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയിൽ ജസ്‌ന. നാല് മാസം കൊണ്ട് വരച്ച വിവിധ വലിപ്പങ്ങളിലുള്ള ചിത്രങ്ങളാണ് ഞായറാഴ്ച ഗുരുവായൂർ കിഴക്കേനടയിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എന്നിവർ ഏറ്റുവാങ്ങിയത്. ചടങ്ങിൽ ഗോകുലം ഗോപാലനും പങ്കെടുത്തു. അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് ഉപയോഗിച്ചായിരുന്നു വര. വർഷങ്ങളായി ശ്രീകൃഷ്ണ ജയന്തിക്കും വിഷുവിനും കൊയിലാണ്ടി സ്വദേശിയായ ജസ്‌ന കണ്ണന്റെ ഓരോ ചിത്രങ്ങൾ സമർപ്പിക്കാറുണ്ടായിരുന്നു. കൂടുതൽ ചിത്രങ്ങൾ വരയ്ക്കുന്നതും സമർപ്പിക്കുന്നതും ആദ്യമാണ്. കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിന്റെ പേരിൽ സ്വസമുദായത്തിൽ നിന്നുള്ള പലരുടെയും എതിർപ്പ് മറികടന്നാണ് വര.