രണ്ട് ദിവസം കഴിഞ്ഞിട്ടും അലിയാൻ മടിച്ച് ഐസ്ക്രീം, ഇത് വരെ രുചിച്ചു രസിച്ചത് വ്യാജനോ

Tuesday 03 January 2023 12:53 AM IST

ആലപ്പുഴ: പെട്ടിയിൽ നിറച്ച് സൈക്കിളിൽ കൊണ്ടുവരുന്ന ഐസ്ക്രീമുകളിൽ പലതും വ്യാജനെന്ന് സംശയം. കഴിഞ്ഞദിവസം കായംകുളം, അഴീക്കൽ പ്രദേശങ്ങളിൽ സൈക്കിളിൽ വന്നയാളിൽ നിന്നു വാങ്ങിയ ഐസ്ക്രീം തുറസായ സ്ഥലത്തെ ഇരുമ്പു തൂണിൽ കെട്ടിവച്ച് രണ്ടുദിവസം പിന്നിട്ടിട്ടും പൂർണമായും അലിഞ്ഞില്ല എന്നത് നാട്ടുകാരെ ഞെട്ടിപ്പിച്ചു.

തീരപ്രദേശത്ത് ഇത്തരം കച്ചവടക്കാർ സ്ഥിരം എത്താറുണ്ട്. ഇവരിൽ നിന്ന് കുട്ടികളുൾപ്പടെ ഐസ്ക്രീം വാങ്ങും. അടുത്തിടെ കേരളത്തിൽ തന്നെ പലേടത്തും വ്യാജ ഐസ്ക്രീമുകൾ പിടികൂടിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളിൽ ചിലർ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. ബിസ്കറ്റ് കോൺ ഐസ്ക്രീം കാറ്റടിക്കുന്ന തുറസായ സ്ഥലത്ത് മണിക്കൂറുകളോളം വച്ചിട്ടും അലിഞ്ഞില്ല. പരീക്ഷണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും ഐസ്ക്രീമിന്റെ കുറച്ച് ഭാഗം അലിയാതെ അവശേഷിച്ചുവെന്ന് ഓച്ചിറ സ്വദേശി ദിലീപ് പറഞ്ഞു.

അലിയാത്ത ഐസ്ക്രീം നിർമ്മിക്കുന്നത് സ്വാഭാവിക പദാർത്ഥങ്ങൾ കൊണ്ടല്ലെന്നത് വ്യക്തമായതിനാൽ ആശങ്കയിലാണ് നാട്ടുകാർ. ഐസ്ക്രീം വാങ്ങുന്നവർ അപ്പോൾത്തന്നെ കഴിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും കോൺ ഐസ്ക്രീം. അതിനാലാവാം ഇത്തരം തട്ടിപ്പുകൾ പുറത്ത് വരാത്തതെന്നാണ് സംശയം.

ആരോഗ്യവകുപ്പ് അറിയുന്നില്ല

രജിസ്റ്റേർഡ് കമ്പനികളുടെ ഉത്പന്നങ്ങൾ ഗുണനിലവാര പരിശോധനയടക്കം കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ചെറുകിട കച്ചവടങ്ങൾക്ക് ഇറങ്ങുന്നവർ പ്രാദേശികമായി നിർമ്മിക്കുന്ന ഐസ്ക്രീമുകളെ കുറിച്ച് ആരോഗ്യ വകുപ്പ് കർശന പരിശോധന നടത്താറില്ല. പുതുവർഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ വ്യാജ ഐസ്ക്രീം നിർമ്മാണ യൂണിറ്റ് കണ്ടെത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ നിയന്ത്രിക്കുന്ന യൂണിറ്റ് ഹെൽത്ത് കാർഡോ ലൈസൻസോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. സമാനമായ പരിശോധനകൾ ജില്ലയിലെ പ്രാദേശിക നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചും നടത്തണമെന്ന് നാട്ടുകാർ പറയുന്നു.

"ഐസ്ക്രീം അലിയുന്നില്ലെന്ന് സംശയം തോന്നിയതോടെയാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചത്. രണ്ട് ദിവസം പിന്നിടുമ്പോഴും ഐസ്ക്രീമിന്റെ ഭാഗങ്ങൾ അലിയാതെ ശേഷിക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്നത്".

ദീലീപ് ഓച്ചിറ (പരീക്ഷണം നടത്തിയയാൾ)

Advertisement
Advertisement