ദേശീയപാത വികസനം , പേരി​ലൊതുങ്ങുന്നു, 'ഒന്നിനു പകരം പത്ത്'

Tuesday 03 January 2023 12:55 AM IST
t

# മുറിക്കുന്ന മരങ്ങൾക്ക് പകരം നടീൽ അവതാളത്തിൽ

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം പത്ത് മരങ്ങൾ ജില്ലയിൽ നടുമെന്ന ലക്ഷ്യം നടപ്പാകാൻ ഇടയില്ല. 45 മീറ്റർ വീതിയിലാണ് ദേശീയപാത വികസിപ്പിക്കുന്നത്. വാഹനങ്ങൾ എതിർദിശയിൽ വരുമ്പോൾ ഹെഡ് ലൈറ്റ് പ്രകാശം കണ്ണിൽ അടിക്കാത്ത വിധം മറയായി നിൽക്കാൻ പാകത്തിന് ഡിവൈഡറുകളിലും സർവീസ് റോഡിന്റെയും ദേശീയപാതയുടെയും തുടക്കഭാഗങ്ങളിലും മരം നട്ടുപിടിപ്പിക്കാനാണ് ആലോചനയുള്ളത്. ജില്ലയിൽ സ്ഥലപരിമിതി ഉള്ളതിനാൽ മുറിച്ചുമാറ്റപ്പെട്ടവയ്ക്ക് പകരം മരങ്ങൾ കേരളത്തിൽ വിവിധ ഭാഗങ്ങളിലായി നടും.

സ്ഥലം കുറവുള്ളതിൽ വലിയ മരങ്ങൾക്ക് പരം മുള പോലെ നിരയായി നിൽക്കുന്ന വലിയ ചെടികളും നടും. റോഡ് നിർമ്മാണവും അനുബന്ധ പൈപ്പ് മാറ്റിയിടൽ അടക്കമുള്ള പ്രവൃത്തികളും അവസാനിക്കുന്ന മുറയ്ക്കാവും ദേശീയപാതയോരത്തെ മരം നടീൽ ഊർജ്ജിതമാക്കുക. ഇതിന് ദേശീയപാത അതോറിട്ടിയാണ് ഫണ്ട് അനുവദിക്കേണ്ടത്. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. എ-സി റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റപ്പെട്ടവയ്ക്ക് പകരമുള്ളവയും നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ നടുമെന്നാണ് സോഷ്യൽ ഫോറസ്ട്രി അധികൃതർ വ്യക്തമാക്കുന്നത്.

......................

മുറിക്കുന്നത് - 70,000ൽ അധികം മരങ്ങൾ

..............................

# വളരുന്നു കാറ്റാടിയും കണ്ടലും

അർത്തുങ്കൽ മുതൽ പുന്നപ്ര വരെ തീരത്തോട് ചേർന്ന് ഒന്നരലക്ഷം കാറ്റാടി ചെടികൾ നട്ടുകഴിഞ്ഞു. ഇതിൽ 10,000 എണ്ണം പഞ്ചായത്തും ബാക്കിയുള്ളവ സോഷ്യൽ ഫോറസ്ട്രിയുമാണ് നട്ടത്. പെരുമ്പളം ദ്വീപിൽ ഇതിനകം 20,000 കണ്ടൽ ചെടികൾ നട്ടു. അന്ധകാരനഴി കാരാളം തോടിനോട് ചേർന്നുള്ള കണ്ടൽ ചെടികളുടെ എണ്ണം 15,000 പിന്നിട്ടു. കൂടാതെ വിവിധ കനാൽ തീരങ്ങളിലും സ്കൂൾ, കോളേജ്, പൊതുസ്ഥലങ്ങൾ എന്നിവടിങ്ങളിലുമായി 35,000ൽ അധികം ഫലവൃക്ഷച്ചെടികളും കഴിഞ്ഞവർഷം നട്ടു. ഇവയെല്ലാം മുറിച്ചുമാറ്റപ്പെടുന്നവയ്ക്ക് പകരമായി കണക്കാക്കാമെന്നാണ് അധികൃതർ പറയുന്നത്.

വെട്ടി മാറ്റപ്പെടുന്ന മരങ്ങളുടെ കൂട്ടത്തിൽ അപൂർവ്വ ഇനങ്ങളും ഉൾപ്പെടുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഇരുവശവും മുറിച്ചുമാറ്റപ്പെട്ട മരങ്ങൾക്ക് പകരമുള്ളവ വച്ചുപിടിപ്പിച്ചിട്ടില്ല. ദേശീയപാതയുടെ ഇരുവശത്തും മരങ്ങൾ മുറിച്ചു മാറ്റുന്നതല്ലാതെ, പ്രഖ്യാപിച്ചിരിക്കുന്ന അതിരുകളിൽ പുതിയ തൈകൾ നടാൻ അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല

ബേബി പാറക്കാടൻ, പ്രസിഡന്റ്, കേരള ഫ്രണ്ട്‌സ് ഒഫ് ട്രീസ് ആൻഡ് നേച്ചർ ക്ലബ്ബ്

ആലപ്പുഴയിൽ മരങ്ങൾ മുറിച്ചുമാറ്റുന്ന അതേ സ്ഥലത്തുതന്നെ പകരം മരങ്ങൾ നടാൻ പരിമിതിയുണ്ട്. കേരളത്തിൽ തന്നെ മറ്റെവിടെയങ്കിലും മരങ്ങൾ നടാവുന്നതാണ്. പദ്ധതിക്കുള്ള ഫണ്ട് ദേശീയപാത അതോറിട്ടിയിൽ നിന്ന് ലഭിക്കണം. ജില്ലയിൽ പരമാവധി സ്ഥലങ്ങളിൽ കണ്ടലും കാറ്റാടിയും ഫല വൃക്ഷങ്ങളും നടുന്നുണ്ട്

സാമൂഹിക വനവത്കരണ വിഭാഗം അധികൃതർ