പാർട്ടിക്കിടെ തോക്കുയർത്തി ആനന്ദനൃത്തം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസെടുക്കും

Tuesday 03 January 2023 12:01 AM IST

ഭോപ്പാൽ: സ്വകാര്യ പാർട്ടിക്കിടെ തോക്കുയർത്തി നൃത്തം ചെയ്ത കോൺഗ്രസ് എം.എൽ.എ സുനീൽ ഷറഫിനെതിരെ കേസെടുക്കും. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. നൃത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാർട്ടിയിൽ ഗാന മേളയും സംഘടിപ്പിച്ചിരുന്നു. ഗായകൻ പാട്ട് പാടുന്നതിനിടെ അവിടേക്ക് എം.എൽ.എയും സംഘവും കയറുകയായിരുന്നു. തുടർന്ന് ഗാനത്തിനൊപ്പം ഡാൻസും ആരംഭിച്ചു. അതിനിടെയായിരുന്നു തോക്ക് എടുത്ത് മുകളിലേക്ക് ഉയർത്തിയത്. ഇതോടെ സ്റ്റേജിന് പുറത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. മിനിറ്റുകളോളമാണ് എം.എൽ.എ തോക്കുമായി വേദിയിൽ ആടിത്തിമിർത്തത്.

കോട്ട്മയിൽ നിന്നുള്ള എം.എൽ.എയാണ് സുനീൽ. കഴിഞ്ഞ ഒക്ടോബറിൽ രേവാഞ്ചൽ എക്‌സ്പ്രസിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതിന് എം.എൽ.എയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.