വനിതാ കോൺസ്റ്റബിളിനെ കടന്നുപിടിച്ച ഡിഎംകെ യുവനേതാക്കൾ അറസ്റ്റിൽ

Tuesday 03 January 2023 12:10 AM IST

ചെന്നൈ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് കോൺസ്റ്റബിളിനെ കടന്നുപിടിച്ച ഡി.എം.കെ യുവനേതാക്കൾ അറസ്റ്റിൽ. ചെന്നൈയിൽ ഞായറാഴ്ച നടന്ന ഡി.എം.കെ യോഗത്തിനിടെയായിരുന്നു സംഭവം. കനിമൊഴി എം.പി സന്നിഹിതയായിരുന്ന യോഗത്തിൽ സുരക്ഷാ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന പൊലീസുകാരിയെയാണ് ഡി.എം.കെ ക്രിമിനലുകൾ കടന്നുപിടിച്ചത്. സാലിഗ്രാമം മേഖലയിലെ ദശരഥപുരം ബസ് സ്റ്റാൻഡിലായിരുന്നു യോഗം.

ആളുകൾ പിരിയുന്നതിനിടെ വനിതാ കോൺസ്റ്റബിൾ കരയുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവീൺ, ഏകാംബരം എന്നീ ഡി.എം.കെ യുവനേതാക്കളെ പൊലീസ് വളഞ്ഞു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു. അതോടെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി.

സംഭവത്തിൽ ബി.ജെ.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡി.എം.കെ നേതാക്കൾ തമിഴ്നാടിന് ആകെ അപമാനമായെന്ന് ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ ട്വീറ്റ് ചെയ്തു. കനിമൊഴിയുടെ മുന്നിൽ വച്ച് കോൺസ്റ്റബിളിനെ അപമാനിച്ച പ്രതികളെ സംരക്ഷിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഡി.എം.കെ പ്രവർത്തകർ നിയമവാഴ്ചയെ വെല്ലുവിളിച്ച് അഴിഞ്ഞാടുകയായിരുന്നു. മദ്യപരായ പാർട്ടി ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മൗനം അപകടകരമാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

ഡി.എം.കെ ഭരണത്തിൻകീഴിൽ സംസ്ഥാനം മയക്കുമരുന്ന് മാഫിയയുടെയും ഭീകരവാദികളുടെയും സുരക്ഷിത താവളമായി മാറിയെന്ന് ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു.