മെഡിക്കൽ കോളേജ് സമ്പൂർണ്ണ ഇ - ഹെൽത്ത് സംവിധാനത്തിലേക്ക്
തൃശൂർ : ഇ-ഹെൽത്ത് പദ്ധതി പൂർണമായും നടപ്പിലാക്കുന്ന ആദ്യ മെഡിക്കൽ കോളേജ് ആകുകയെന്ന ലക്ഷ്യത്തോടെ, അത്യാഹിത വിഭാഗം ഉൾപ്പെടെ നിർണായക വിഭാഗങ്ങൾ പൂർണമായും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക്. രോഗികളുടെ വിവരങ്ങൾ ഏത് സമയത്തും ലഭ്യമാകുന്ന തരത്തിൽ ഒ.പി വിഭാഗം രജിസ്‌ട്രേഷൻ, അഡ്മിഷൻ, ബില്ലിംഗ്, ലാബ് തുടങ്ങിയവയെല്ലാം കമ്പ്യൂട്ടർ ശൃംഖലകളുമായി പരസ്പരം ബന്ധിപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി 200ൽപരം കമ്പ്യൂട്ടർ, 200ൽപരം പ്രിന്റർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചു. ഘട്ടം ഘട്ടമായി എല്ലാ ജീവനക്കാർക്കും പ്രത്യേകം ഇ- ഹെൽത്ത് പരിശീലനവും നൽകി. ട്രയൽ റണ്ണും നടത്തി. അടുത്ത രണ്ട് ആഴ്ച കൊണ്ട് മൊബൈൽ/ഇന്റർനെറ്റ് രജിസ്‌ട്രേഷൻ, യു.എച്ച്.ഐ.ഡി കാർഡ് പ്രിന്റിംഗ്, മൊബൈൽ ഫോണിൽ ലാബ് റിസൽട്ട് എന്നിവ ആരംഭിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഇ- ഹെൽത്ത് പദ്ധതി ആരംഭിക്കാനുള്ള ആദ്യ പടിയായി ഹാർഡ്#വെയർ ഇൻസ്റ്റാൾ ചെയ്തിരുന്നു. 125 കെ.വി.എ ശേഷിയുള്ള യു.പി.എസ് മുഖേന തടസങ്ങളില്ലാതെ വൈദ്യുതി സജ്ജമാക്കി. പി.ഡബ്ല്യു.ഡി സബ്‌സ്റ്റേഷനിൽ നിന്ന് പ്രത്യേക ഹൈടെൻഷൻ വൈദ്യുതി കേബിൾ സ്ഥാപിച്ച് വൈദ്യുതിയെത്തിച്ചെങ്കിലും ആകെയുള്ള 750 കെ.വി.എ എന്ന സബ്‌സ്റ്റേഷൻ പരിധി അധികരിച്ചതിനാൽ വൈദ്യുതി വിഭാഗത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലോടെയാണ് പ്രതിസന്ധി പരിഹരിച്ചത്. വാർഡ്, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ കൂടി ഹാർഡ് വെയർ സ്ഥാപിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടുപോകുകയാണ്.
3500 ഒ.പി രജിസ്‌ട്രേഷൻ
രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യദിനം തന്നെ 3,500 ഒ.പി രജിസ്‌ട്രേഷനും, 200 അഡ്മിഷനും 5000ൽ അധികം ലാബ് പരിശോധനകളുമാണ് ഇ ഹെൽത്ത് മുഖേന പൂർത്തിയാക്കിയത്. പുതിയ സംവിധാനം കൈകാര്യം ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മൂലം സാമാന്യം തിരക്ക് അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ ഈ തിരക്ക് ക്രമേണ കുറഞ്ഞേക്കും.
മേന്മകൾ ഇവ
വ്യക്തിഗത ആരോഗ്യവിവരങ്ങൾക്ക് അനുസരിച്ചും മുൻ ചികിത്സാ ചരിത്രം ശേഖരിക്കപ്പെടുന്നതും വഴി കൃത്യവും വ്യക്തവുമായ രോഗചികിത്സാ നിർണ്ണയം ആശുപത്രികളിലെ തിരക്കു നിയന്ത്രിക്കാൻ ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സംവിധാനം