കമാനം തകർന്ന് ഓട്ടോയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു
തൃശൂർ : അലങ്കാര പന്തൽ കമാനം തകർന്ന് ഓട്ടോയ്ക്ക് മുകളിൽ വീണ് ഓട്ടോ തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തൃശൂർ കോർപ്പറേഷന് മുമ്പിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. കോർപറേഷൻ ഓഫീസിന് മുന്നിൽ സ്ഥാപിച്ച അലങ്കാര കമാനമാണ് തകർന്നുവീണത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ അവിണിശ്ശേരി സ്വദേശി ജോണി, യാത്രക്കാരിയായ കാവീട് സ്വദേശി മേഴ്‌സി എന്നിവർക്ക് പരിക്കേറ്റു. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന ഇരുമ്പുകാലുകൾ കൊണ്ടുള്ള പന്തൽ കമാനമാണ് തകർന്നത്. ദീപാലങ്കാരങ്ങൾ സ്ഥാപിക്കാനായി നിർമ്മിച്ചതായിരുന്നു പന്തലുകൾ. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിറുത്തിയിരുന്ന കാലുകൾ ശക്തമായ കാറ്റിൽ തകർന്നു വീഴുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തി തകർന്ന കമാനത്തിന്റെ അവശിഷ്ടം മാറ്റിയാണ് ഓട്ടോ പുറത്തെടുത്തത്.
പൊലീസ് കേസെടുത്തു
കോർപറേഷന് മുന്നിൽ റോഡിൽ കമാനം വീണ് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘാടക സമിതിക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ സ്ഥാപിച്ച കമാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘാടക സമിതിക്ക് കത്ത് നൽകി.