ബ്രസീലിനെ പുനർനിർമ്മിക്കും, ലൂല അധികാരമേറ്റു

Tuesday 03 January 2023 6:39 AM IST

റിയോ ഡി ജനീറോ : ബ്രസീലിൽ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ ( 77 ) പുതിയ പ്രസിഡന്റായി അധികാരമേറ്റു. മുൻ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്‌ർ ബൊൽസൊനാരോയ്ക്കെതിരെ ഒക്ടോബറിൽ നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ 50.9 ശതമാനം വോട്ട് നേടിയാണ് ലൂല അധികാരം തിരിച്ചുപിടിച്ചത്. ഇത് മൂന്നാം തവണയാണ് ലൂല ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. വർക്കേഴ്സ് പാർട്ടി നേതാവായ ലൂല 2003 - 2010 കാലയളവിൽ രണ്ട് തവണ ബ്രസീലിന്റെ പ്രസിഡന്റായിരുന്നു.

ബൊൽസൊനാരോ അനുകൂലികളുടെ ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ലൂലയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ബൊൽസൊനാരോ സൃഷ്ടിച്ച തകർച്ചയിൽ നിന്ന് രാജ്യത്തെ പുനർനിർമ്മിക്കുമെന്ന് ലൂല തന്റെ ആദ്യ പ്രസംഗത്തിൽ പ്രതിജ്ഞയെടുത്തു. ആയിരക്കണക്കിന് പേർ ലൂലയുടെ സത്യപ്രതിജ്ഞ കാണാൻ എത്തി. രണ്ട് കൂറ്റൻ സ്റ്റേജുകളിലായി അറുപതിലേറെ കലാപ്രതിഭകളുടെ പരിപാടികളും അരങ്ങേറി.

ലൂലയും വൈസ് പ്രസിഡന്റ് ജെറാൽഡോ ആൽക്മിനും ബ്രസീലിയ നഗരത്തിലൂടെ തുറന്ന വാഹനത്തിൽ പരേഡ് നടത്തി. ദാരിദ്ര്യ നിർമ്മാർജനം, വിദ്യാഭ്യാസം, ആരോഗ്യം, ആമസോൺ വന സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ലൂല പറഞ്ഞു. 37 ക്യാബിനറ്റ് മന്ത്രിമാരിൽ 11 പേർ സ്ത്രീകളാണ്. ബ്രസീലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും കൂടുതൽ വനിതാ മന്ത്രിമാർ അധികാരമേൽക്കുന്നത്.

2018ൽ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിക്കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ലൂലയെ 580 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ലൂലയുടെ അഴിമതിക്കേസിന്റെ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച ജ‌ഡ്ജി പക്ഷപാതം കാട്ടിയെന്ന് നിരീക്ഷിച്ച സുപ്രീംകോടതി 2021ൽ ലൂലയ്ക്ക് മേലുണ്ടായിരുന്ന കേസുകൾ അസാധുവാക്കി.

മുമ്പ് പ്രസിഡന്റായിരിക്കെ ദാരിദ്ര്യ നിർമ്മാർജനത്തിന് ആവിഷ്കരിച്ച 'ബൊൾസ ഫമിലിയ" ഉൾപ്പെടെയുള്ള പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ലൂല വീണ്ടും അധികാരത്തിലെത്തിയത്. ഫാക്ടറി തൊഴിലാളിയായിരുന്ന ലൂല തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.

ബൊൽസൊനാരോ ഫ്ലോറിഡയിൽ

ലൂലയുടെ സത്യപ്രതിജ്ഞയ്ക്ക് 48 മണിക്കൂർ മുന്നേ ബ്രസീൽ വിട്ട് മുൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ. ബൊൽസൊനാരോ നിലവിൽ യു.എസിലെ ഫ്ലോറിഡയിലാണ്. ഒരു പ്രൊഫഷണൽ മിക്സ്ഡ് മാർഷൽ ആർട്സ് താരത്തിന്റെ ഉടമസ്ഥതയിലുള്ള വസതി ബൊൽസൊനാരോ വാടകയ്ക്കെടുത്തെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അപൂർവമായി പ്രതികരിച്ചിരുന്ന ബൊൽസൊനാരോ തന്റെ തോൽവി അംഗീകരിച്ചിരുന്നില്ല.