മെക്സിക്കൻ ജയിലിൽ വെടിവയ്പ്: തടവുകാർ പുറത്തുചാടി

Tuesday 03 January 2023 6:39 AM IST

മെക്സിക്കോ സിറ്റി : വടക്കൻ മെക്സിക്കോയിലെ ജയിലിന് നേർക്കുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 24 തടവുകാർ ജയിൽചാടി. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് ശേഷം സ്യൂഡാഡ് വാറസ് നഗരത്തിലെ ചിവാവ സ്റ്റേറ്റ് പ്രിസണിലാണ് സംഭവം. മയക്കുമരുന്ന് സംഘത്തിലേത് എന്ന് കരുതുന്ന ആയുധധാരികൾ കവചിത വാഹനങ്ങളിലെത്തി ജയിലിന്റെ പുറത്ത് കാവൽ നിന്ന സുരക്ഷാ ജീവനക്കാരെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ജയിലിലേക്ക് കയറി ആക്രമണം നടത്തി. മരിച്ചവരിൽ പത്ത് പേർ ജയിൽ ജീവനക്കാരും മറ്റുള്ളവർ തടവുകാരുമാണ്. ഇതിനിടെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 13 പേർക്ക് പരിക്കേറ്റു. ആക്രമണം ആരംഭിച്ച് ഏകദേശം അഞ്ച് മണിക്കൂറിന് ശേഷമാണ് സ്ഥിതിഗതികൾ പൊലീസിന്റെ നിയന്ത്രണത്തിലായത്. അക്രമികളിൽ നാല് പേരെ പിന്തുടർന്ന് പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സൈന്യത്തിന്റെ സുരക്ഷാ വലയത്തിലാണ് ജയിൽ. കഴിഞ്ഞ ഓഗസ്റ്റിൽ ഈ ജയിലിലുണ്ടായ കലാപത്തിൽ മൂന്ന് തടവുകാർ കൊല്ലപ്പെട്ടിരുന്നു. ക്രിമിനിൽ സംഘങ്ങളെയും മയക്കുമരുന്ന് സംഘങ്ങളെയും ജയിലിൽ പ്രത്യേക സെൽ ബ്ലോക്കുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്യൂഡാഡ് വാറസ് നഗരത്തിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ആയിരക്കണക്കിന് പേർ മരിച്ചെന്നാണ് കണക്ക്.