നടൻ ജെറമി റെന്നറിന് ഗുരുതര പരിക്ക്
Tuesday 03 January 2023 6:41 AM IST
ലോസ്ആഞ്ചലസ് : അവഞ്ചേഴ്സ് സീരീസിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ജെറമി റെന്നറിന് ( 51 ) മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്.
ഞായറാഴ്ച നെവാഡയിൽ റ്റാഹോ തടാകത്തിന് സമീപമുള്ള വസതിയ്ക്ക് സമീപത്തായിരുന്നു അപകടമെന്നും നടനെ ഉടൻ ആശുപത്രിയിലേക്ക് ആകാശ മാർഗമെത്തിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടനില തരണം ചെയ്‌തെങ്കിലും ജെറമിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കാത്‌റിൻ ബിഗലോ സംവിധാനം ചെയ്ത ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് ജെറമിക്ക് 2010ൽ മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ആറ് ഓസ്കാർ പുരസ്കാരങ്ങൾ ദ ഹർട്ട് ലോക്കറിന് ലഭിച്ചിരുന്നു.