കണ്ണീരോർമ്മയായി രശ്മി, വിളമ്പുന്നത് വിഷമോ

Wednesday 04 January 2023 12:55 AM IST

കോട്ടയം . സുരക്ഷിതമായ ഭക്ഷണം മനുഷ്യ​ന്റെ അവകാശമാണ്. എന്നാൽ അപകടകരമായ ഭക്ഷണം വിളമ്പി അതിനിരയായി ജീവൻ നഷ്ടപ്പെട്ട കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് ഇന്ന് കണ്ണീരോർമയാണ്. ഭക്ഷ്യവിഷബാധ തുടർക്കഥയാകുമ്പോൾ വെല്ലുവിളിയാകുന്നത് എന്തൊക്കെയാണ്. ഭക്ഷണശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും സജീവമാകുകയാണ്.

ഭക്ഷണം വിഷമാകുന്നതെങ്ങനെ.

ഭക്ഷ്യോത്പന്ന ഉത്പാദന , വിതരണ ശൃംഖലയിൽ എവിടെ പിഴവ് സംഭവിച്ചാലും ഭക്ഷണം വിഷമയമാകാം. കോഴിയിറച്ചിയുടെ കാര്യത്തിൽ വൃത്തിഹീനമായ കോഴി ഫാമും വിതരണത്തിൽ സൂക്ഷ്മതക്കുറവ് ഉണ്ടാകുന്നതും വെല്ലുവിളിയാകാമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ പറയുന്നു. എന്നാൽ ഹോട്ടലുകളിൽ ഇവ സൂക്ഷിക്കുന്നതും പാകം ചെയ്യുന്ന രീതിയും കാരണമാണ് പലപ്പോഴും ഭക്ഷണം വിഷമായി മാറുന്നത്. ഷവർമ്മ, അൽഫാം എന്നിവയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ അസാധാരണമല്ല. മാംസവും സാലഡും മയോണൈസും വില്ലനാകും. പഴകിയ മാംസം ഉപയോ​ഗിക്കുക, ബാക്കി വന്ന മാംസം ഫ്രീസറിൽ സൂക്ഷിച്ച് പിറ്റേന്ന് ഉപയോ​ഗിക്കുക, വേവാത്ത മാംസം ഉപയോ​ഗിക്കുക എന്നിവയൊക്കെ വിഷബാധ ഏൽക്കുന്നതിന് കാരണമാകാം. പച്ചമുട്ട ഉപയോ​ഗിച്ച് തയ്യാറാക്കിയശേഷം സാധാരണ താപനിലയിൽ ആറുമണിക്കൂറിലേറെ മയൊണൈസ് സൂക്ഷിക്കുന്നതു ബാക്ടീരിയകൾ പെരുകാൻ കാരണമാകും. സാലഡിൽ ഉപയോ​ഗിക്കുന്ന മാംസം വൃത്തിയായി കഴുകിയില്ലെങ്കിൽ അതും പ്രശ്നമാകാം.

പ്രതിഷേധം ശക്തം, വീഴ്ചകളുടെ പരമ്പര.

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ കടുത്ത പ്രതിഷേധം. ഇന്നലെ രാവിലെ സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്കിലേക്ക് (മലപ്പുറം കുഴിമന്തി) ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. ഹോട്ടലി​ന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നാരോപിച്ച് ഉച്ചയോടെ ബി ജെ പി കൗൺസിലർമാർ രം​ഗത്തെത്തി. ഹോട്ടലും അടുക്കളയും രണ്ട് കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ അടുക്കളയ്ക്ക് ലൈസൻസില്ല. നവംബർ 13 ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ ഏറ്റിരുന്നു. തുടർന്ന് ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം പരിശോധന നടത്തി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ലൈസൻസ് എടുക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കാതെ ഏഴു ദിവസത്തിന് ശേഷം ഹോട്ടൽ തുറന്നു. പിന്നീട് പരിശോധന ഉണ്ടായില്ല. ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാരോപിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭ സെക്രട്ടറി ഡി ജയകുമാറിനെ തടഞ്ഞുവച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

നിയമലംഘനം തുടർക്കഥ. ഹോട്ടൽ പാർക്കിൽ 2021 ഡിസംബർ 18 ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമലംഘനം കണ്ടെത്തി. ഹിയറിം​ഗിന് വിളിച്ച് പിഴ ഈടാക്കി. ഹോട്ടലി​ന്റെ ഭാ​ഗത്തു നിന്നുണ്ടായ വീഴ്ച പരിഹരിച്ച ശേഷമായിരുന്നു പിന്നീടുള്ള പ്രവർത്തനം. ഇത് ഏതാനും മാസങ്ങളിലേക്ക് മാത്രമായി. 2022 നവംബറിൽ വീണ്ടും വീഴ്ച ഉണ്ടായപ്പോൾ ഹോട്ടൽ പൂട്ടി ഉടമയെ ഹിയറിം​ഗിന് വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. ന​ഗരസഭ, ഭക്ഷ്യസുരക്ഷ, ഹോട്ടൽ ഉടമകൾ എന്നിവരുടെ ഭാ​ഗത്തുനിന്നുണ്ടായ ​ഗുരുതര വീഴ്ചയാണ് ഒരാളുടെ ജീവനെടുക്കാൻ ഇടയാക്കിയത്.