യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ സംഘം അകത്തായി

Wednesday 04 January 2023 3:47 AM IST

വക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ. ഇക്കഴിഞ്ഞ 28ന് രാത്രി 7.30ന് പെരുംകുളം ജംഗ്ഷന് സമീപം മാരകായുധങ്ങളുമായി കാറിലെത്തി മണമ്പൂർ മലവിള പൊയ്ക വീട്ടിൽ നസീറിനെ (40) ഗുരുതരമായി വെട്ടിപ്പരിക്കൽപിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

മണമ്പൂർ പെരുംകുളം ദേശത്ത് മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ താഹ (29), കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം ജസ്‌ല മൻസിലിൽ ജാസിംഖാൻ (33), അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (33) എന്നിവരാണ് പിടിയിലായത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നസീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. മുഖ്യപ്രതിയായ താഹയ്ക്ക് നസീറിനോടുള്ള മുൻവിരോധമാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കൃത്യത്തിന് ശേഷം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമിസംഘം കാറിൽ കയറി രക്ഷപ്പെട്ടത്.

താഹ കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.മറ്റ് പ്രതികളായ ജാസിംഖാൻ,റിയാസ് എന്നിവർ തിരുവനന്തപുരം സിറ്റി,കൊല്ലം,മൈസൂർ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ലഹരി കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളും അറിയപ്പെടുന്ന ഗുണ്ടകളുമാണ്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരുവനന്തപുരം റൂറൽ എസ്.പി ശില്പയുടെ മേൽനോട്ടത്തിൽ വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്,ഐ ദീപു എസ്.എസ്,ഗ്രേഡ് എസ്.ഐ മാഹിൻ എസ്.സി.പി.ഒ ജ്യോതിഷ് കുമാർ,ബാലു,അരുൺ,രാകേഷ്,സി.പി.ഒ സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.