കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം: ഹജ്ജ് തീർത്ഥാടകർ പ്രതീക്ഷയിൽ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് വിമാനം പുറപ്പെടാൻ സാദ്ധ്യത ഒരുങ്ങുന്നത് വലിയ പ്രതീക്ഷയിലാണ് മലബാറിലെ തീർത്ഥാടകർ. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരിൽ ബഹുഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരാണ്. കേരളത്തിൽനിന്ന് കൊച്ചിയും കോഴിക്കോടും കണ്ണൂരുമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഒരാഴ്ചക്കുള്ളിൽ അന്തിമ പട്ടിക പുറത്തു വരും.
ഇത്തവണ 25 പുറപ്പെടൽ കേന്ദ്രങ്ങളാണ് രാജ്യത്തുടനീളം ഉണ്ടാവുക. രണ്ട് ദിവസം മുൻപാണ് ഹജ്ജ് തീർത്ഥാടകരിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് എംമ്പാർക്കേഷൻ പോയിൻറ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യം കണ്ണൂരിൽ ഉണ്ടെന്ന് പഠന റിപ്പോർട്ടിലുണ്ട്.
വലിയ വിമാനം ഇറങ്ങുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. കോവിഡ് സമയത്ത് വലിയ വിമാനം യാത്രക്കാരുമായി കണ്ണൂരിൽ എത്തിയത് ഹജ്ജ് വിമാനം കണ്ണൂരിലെത്തിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. നവംബറിൽ ജിദ്ദയിലേക്ക് സർവീസ് തുടങ്ങിയ ആദ്യദിവസം യാത്ര ചെയ്ത 171 ൽ 120 പേരും ഉംറ തീർത്ഥാടകർ ആയിരുന്നു. പ്രത്യേകം ചെക്കിംഗ് കൗണ്ടറുകൾ പ്രാർത്ഥന മുറി വിശ്രമമുറി വസ്ത്രം മാറുന്നതിനു സൗകര്യം എന്നീ ക്രമീകരണങ്ങൾ ഇവർക്ക് എർപ്പെടുത്തിയിരുന്നു.