ഈറ്റകാട്ടിലെ വാറ്റു കേന്ദ്രത്തിൽ പരിശോധന: 520 ലിറ്റർ കോട പിടിച്ചു

Wednesday 04 January 2023 1:50 AM IST

ആര്യനാട്: ഈറ്റകാട്ടിലെ വാറ്റു കേന്ദ്രത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 520 ലിറ്റർ കോട പിടിച്ചെടുത്തു. പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആര്യനാട്-ചെറുമഞ്ചൽ-വിരിപ്പന്നി കൊമ്പൊടിഞ്ഞ കട്ടയ്ക്കാൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വൻ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.പ്ലാസ്റ്റിക് കുടങ്ങളിലും പ്ലാസ്റ്റിക് കവറുകളിലുമായി പ്രദേശത്ത് കുഴിച്ചിട്ടാണ് 520 ലിറ്റർ കോട സൂക്ഷിച്ചിരുന്നത്. ഇവിടെ വില്പന നടത്താനായി സൂക്ഷിച്ച 2ലിറ്റർ ചാരായവും 10,000 രൂപയുടെ വാറ്റുപകരണങ്ങളും കണ്ടെടുത്തു. കണ്ടെടുത്ത കോട മുഴുവനും നശിപ്പിച്ചു.പരിശോധന സമയത്ത് വാറ്റുകാർ ഉണ്ടായിരുന്നില്ല. അതേസമയം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സ്വരൂപ് അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ വി.അനിൽകുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ,ഷജിം,ഷജീർ,ഡ്രൈവർ മുനീർ എന്നിവടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്കിയത്.ഇന്നലെ രാവിലെ നടന്ന പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്.

Advertisement
Advertisement