മൂന്നര വയസുകാരനെ മർദ്ദിച്ച പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുട്ടിയെ മർദ്ദിച്ചു റോയി കുട്ടിയുടെ മാതാവിന്റെ സുഹൃത്ത്
വിഴിഞ്ഞം: മൂന്നര വയസുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കുട്ടിയെ കമ്പു കൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ മാതാവിന്റെ ആൺ സുഹൃത്തായ അടിമലത്തുറ അമ്പലത്തിൻമൂല സ്വദേശി തുമ്പൻ റോയ് എന്ന റോയിയെ (27) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.
ഭാര്യയുമായി അകന്ന് കഴിയുന്ന റോയി അടിമലത്തുറ സ്വദേശിനിയായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ന്യൂ ഇയർ ദിവസം യുവാവിനോട് പറയാതെ പുതുവർഷാഘോഷത്തിന് പോയത് ചോദ്യംചെയ്ത് യുവതിയെ മർദ്ദിക്കാൻ ശ്രമിക്കവെ ,യുവതി ഇറങ്ങി ഓടി. ഇതിനിടെ ശബ്ദം കേട്ട് ഉണർന്ന യുവതിയുടെ മൂന്നര വയസുള്ള മകന്റെ നേർക്കായി ആക്രമണം. കമ്പി കൊണ്ട് മുഖത്തടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. ഇടതു കണ്ണിന് താഴെയും ചുണ്ടിലും ഇരുകവിളിലും അടിയേറ്റ് ഗുരുതരമായ മുറിവുണ്ട്. മാതാവ് കുഞ്ഞുമായി അടുത്ത ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയ ശേഷം തിങ്കളാഴ്ച രാത്രിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് എസ് .ഐ പ്രസാദ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രണ്ടു മാസം മുൻപ് ഈ കുട്ടിയെ മർദ്ദിച്ച കേസിൽ 18 ദിവസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം . മത്സ്യത്തൊഴിലാളിയാണെങ്കിലും മോഷണം ഉൾപ്പെടെ നിരവധി കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് വിഴിഞ്ഞം എസ്.ഐ .വിനോദ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു