ബസ് സ്റ്റാൻഡിൽ നൃത്തവും, ഫാഷൻ ഷോയും

Tuesday 03 January 2023 10:44 PM IST

തൃശൂർ: വടക്കെ ബസ് സ്റ്റാൻഡിൽ വൈകിട്ട് ഏഴിന് ജോലി കഴിഞ്ഞ് ബസ് കയറാനെത്തിയ യാത്രക്കാരെ വിസ്മയിപ്പിച്ച് ഫ്‌ളാഷ് മോബ്. ജനങ്ങളുള്ളിടത്തേക്ക് കലാപ്രകടനം എത്തുക എന്ന ലക്ഷ്യം വെച്ച് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് വടക്കേ ബസ് സ്റ്റാൻഡിലും, ശക്തൻ ബസ് സ്റ്റാൻഡിലും വേദിയൊരുങ്ങിയത്.

സിൽക്ക് കേന്ദ്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ മോഡൽ മെറീന മൈക്കിളിനോടൊപ്പം 14 മോഡലുകൾ അണിനിരന്ന ഫാഷൻ ഷോയും ജനങ്ങളെ ആകർഷിച്ചു. തൃശൂർ കോർപ്പറേഷനും ചേംബർ ഒഫ് കോമേഴ്‌സും സംയുക്തമായി നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ജനസാന്ദ്രതയുള്ള ഇടങ്ങളിലേക്ക് കലാപ്രകടനവുമായെത്തുകയാണെന്ന് ചേംബർ പ്രസിഡന്റ് പി.കെ. ജലീൽ പറഞ്ഞു.

ട്രഷറർ ജോസ് കവലക്കാട്ട്, ജോയിന്റ് സെക്രട്ടറി ടി.എ.ശ്രീകാന്ത്, സോളി ഫ്രാൻസിസ്, കിരൺ എന്നിവരും സംബന്ധിച്ചു. വടക്കേ ബസ് സ്റ്റാൻഡിലെ കലാപ്രകടനത്തിന് പിന്നാലെ ഒരു മണിക്കൂർ ഇടവിട്ട് ശക്തൻ ബസ് സ്റ്റാൻഡിലും ഇതേ പ്രോഗ്രാം നടന്നിരുന്നു.