കണ്ടെയ്നർ ലോറിയിൽ കടത്തിയ പുകയില ഉത്പന്നങ്ങൾ പിടികൂടി

Wednesday 04 January 2023 3:45 AM IST

കാസർകോട്: ജില്ലാ പൊലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചട്ടഞ്ചാൽ ദേശീയപാതയിൽ കഴിഞ്ഞ രാത്രി ഇൻസ്‌പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കാർഗോ കണ്ടെയ്നർ ലോറിയിൽ ചാക്കിൽ നിറച്ച് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചു.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കമ്പനി പാർസൽ കൊണ്ടുപോകുന്ന ലോറിയിൽ നിന്നാണ് 31,800 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചത്. ലോറി ഡ്രൈവർ കർണാടക ഗാന്ധിചൗക്ക് വിജയപൂരിലെ സിദ്ധലിംഗപ്പ (39) ആണ് അറസ്റ്റിലായത്. പുകയില ഉത്പന്നങ്ങൾ ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ഒരാൾ കയറ്റി വിട്ടതാണെന്നും കോഴിക്കോട്ട് ഇറക്കിയാൽ മൂവായിരം രൂപ കടത്തുകൂലിയായി കിട്ടുമെന്നും ഡ്രൈവർ പൊലീസിനോട് പറഞ്ഞു. ലോറി കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ മേൽപറമ്പ് സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.