ദൃശ്യഭൂമിക ചരിത്രപ്രദർശനം കാണാൻ മുഖ്യമന്ത്രിയെത്തി

Wednesday 04 January 2023 2:47 AM IST

തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമ്മൂന്നാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളിൽ തയ്യാറാക്കിയ ചരിത്രപ്രദർശനം 'ദൃശ്യഭൂമിക' മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നിശബ്ദതയെ മുറിച്ചുകടന്നവർ എന്ന സന്ദേശമാണ് ചരിത്രപ്രദർശനം മുന്നോട്ടുവയ്ക്കുന്നത്. ചരിത്രപ്രദർശനം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഡോ. ശ്രീകല.കെ.വി ഉപഹാരം നൽകി.പെൺ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ള 30 പ്രശസ്ത ചിത്രകാരികളുടെ ചിത്രങ്ങളും ചരിത്രപ്രദർശനത്തിന്റെ ഭാഗമാണ്. കേരള ചരിത്രത്തിൽ പെൺ പോരാട്ടങ്ങൾ അടയാളപ്പെടുത്തിയ നിരവധി ശില്പങ്ങളും പ്രദർശന ഹാളിൽ സജ്ജമാക്കിയിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, ഡോ. ടി.എൻ. സീമ, എം.ജി. മീനാംബിക സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പുഷ്പലത, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി തുടങ്ങിയവർ പങ്കെടുത്തു.