പിടിയാനയുടെ തുമ്പിയിലെ അടയാളം: പുലിവാലു പിടിച്ച് വനപാലകർ

Tuesday 03 January 2023 10:56 PM IST

ചാലക്കുടി: ഷോളയാർ പ്രദേശത്ത് കാണുന്ന പിടിയാനയുടെ തുമ്പക്കൈയിലെ മുറിവിൽ വട്ടംചുറ്റി വാഴച്ചാൽ ഡിവിഷണൽ ഉദ്യോഗസ്ഥർ. വിശദമായ പരിശോധനയ്ക്കും പരിഹാര നിർദ്ദേശത്തിനുമായി ഇന്ന് വെറ്ററിനറി സർജൻ സ്ഥലത്തെത്തും. ഷോളയാർ റിസർവോയറിൽപെടുന്ന കൊല്ലത്തിരുമേട്ടിൽ രണ്ട് ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ട ആനയെ ചൊല്ലിയാണ് ചർച്ചകൾ ചൂടുപിടിച്ചതും അന്വേഷണത്തിന് വകുപ്പ് മേധാവികൾ നിർദ്ദേശിച്ചതും.

ആനയുടെ തുമ്പിയുടെ അഗ്രത്തിൽ മോതിര രൂപത്തിൽ ഉണങ്ങിയ മുറിവ് കണ്ടെത്തി. റിസർവോയറിന്റെ മറുഭാഗത്തെ പാലക്കാട് ഭാഗത്ത് നിന്നും ഒരു ഫോട്ടോഗ്രാഫറാണ് ഇതിന്റെ ദൃശ്യം പകർത്തിയത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിൽ തീറ്റയെടുക്കാനാകാതെ ആന സ്ഥിരമായി ബഹളം വച്ചു നടക്കുകയാണെന്ന പ്രചരണമുണ്ടായി. വിവരമറിഞ്ഞ് വാഴച്ചാൽ ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ വനപാലകർ ആനയെ കണ്ടെങ്കിലും മറ്റുകുഴപ്പങ്ങൾ കണ്ടെത്തിയില്ല. മറ്റ് ആനകളോടൊപ്പം പിടിയാനയും ഭക്ഷണം കഴിച്ചുവെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി പറഞ്ഞു.

വിവാദ പിടിയാന ഇതേ അവസ്ഥയിൽ 2018ലും കൊല്ലത്തിരുമേടിന്റെ ഇക്കരെ നിൽക്കുന്ന രംഗം അന്ന് ഒരു ഫോട്ടോഗ്രാഫർ പകർത്തിയിരുന്നു. ഇതേ ആനയെയാണ് ഇപ്പോഴും കാണുന്നതെന്നും അഞ്ചു വർഷമായിട്ടും ഇത് ജീവിച്ചിരിക്കുന്നത് തുമ്പിക്കൈയിലെ അടയാളം സാരമല്ലെന്നാണ് സൂചിപ്പിക്കുന്നതെന്നും വനപാലകർ പറയുന്നു. അക്കാലത്ത് ഏതോ ഇരുമ്പു വലയത്തിൽ കുടുങ്ങിയാകാം തുമ്പി മുറിഞ്ഞതെന്നും ഇവർ അനുമാനിക്കുന്നു.