ഭക്ഷ്യസുരക്ഷ പരിശോധന: നാല് സ്ഥാപനങ്ങൾ പൂട്ടിച്ചു

Wednesday 04 January 2023 1:19 AM IST
t

ആലപ്പുഴ: ഭക്ഷ്യസുരക്ഷ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിൽ നാല് ഭക്ഷണശാലകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നുവെന്ന് കണ്ടെത്തിയ ആലപ്പുഴ കലവൂരിലെ മലബാർ ഹോട്ടൽ, വണ്ടാനത്തുള്ള മർഹബ ബോർമ, അരൂർ തൃപ്തി ഹോട്ടൽ, ലൈസൻസ് പുതുക്കാതെ പ്രവർത്തിച്ച ചെങ്ങന്നൂരിലെ കായലോരം എന്നീ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.

ജില്ലയിൽ മൂന്ന് സ്ക്വാഡുകളായി 22 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പിഴ ചുമത്തുന്നതിന് ആറ് കടകൾക്കും നവീകരണം നടത്തുന്നതിന് അഞ്ച് കടകൾക്കും നോട്ടീസ് നൽകി. ക്രിസ്മസ് - പുതുവത്സര സീസണിന്റെ ഭാഗമായി കഴിഞ്ഞ 20 മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഹോളിഡേ' എന്ന പേരിൽ ജില്ലയിലെ ബോർമകളിലും ബേക്കറികളിലും തുടർച്ചയായി പരിശോധന നടത്തുന്നുണ്ടായിരുന്നു. ആലപ്പുഴ, ചേർത്തല, കായംകുളം എന്നിങ്ങനെ മൂന്ന് സ്ക്വാഡുകളായാണ് പ്രവർത്തനം. പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമോദിസയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായ, ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് യൂണിറ്റ് അടയ്ക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടയത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് നഴ്സ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പരിശോധന ക‌ർശനമാക്കിയത്.