ജില്ലാ പഞ്ചായത്ത് വഴി കായിക അദ്ധ്യാപകർ
Wednesday 04 January 2023 1:20 AM IST
ആലപ്പുഴ: സ്‌കൂളുകളിൽ സമഗ്ര കായികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ കായിക അദ്ധ്യാപകർ ഇല്ലാതിരുന്ന 15 സ്‌കൂളുകളിലും കായിക അദ്ധ്യാപകരെ നിയമിച്ചു. എല്ലാ വിദ്യാർത്ഥികളെയും കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കായിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങി നൽകുന്ന പദ്ധതി ജനുവരിയിൽ പൂർത്തിയാകുമെന്ന് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.വി. പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് എന്നിവർ സംസാരിച്ചു.