എരുമേലി പേട്ട തുള്ളൽ , അമ്പലപ്പുഴ സംഘം ആറിന് പുറപ്പെടും

Wednesday 04 January 2023 1:21 AM IST
t

ആലപ്പുഴ: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം ആറിന് അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും.

നാളെ രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിൽ വിരിവയ്‌ക്കും. 6ന് രാവിലെ 6.30ന് ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തിയാണ് പത്തുനാൾ നീളുന്ന യാത്രയ്ക്ക് തുടക്കം കുിക്കുന്നത്. പ്രഭാത ശ്രീബലിക്കു ശേഷം കിഴക്കേ ഗോപുരനടയിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി പൂജിച്ചു നൽകുന്ന, പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണ്ണത്തിടമ്പ് സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയ്ക്ക് കൈമാറും. തുടർന്ന് അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് രഥയാത്ര തിരിക്കും. രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരൻനായർ സംഘത്തെ യാത്രയാക്കും. സമീപ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന സംഘം വൈകിട്ട് ക്ഷേത്രത്തിൽ വിശ്രമിച്ച് 7ന് രാവിലെ യാത്രതിരിക്കും. തകഴി ധർമ്മ ശാസ്താ ക്ഷേത്രം, ആനപ്രമ്പാൽ ധർമ്മ ശാസ്താ ക്ഷേത്രം, ചക്കുളത്തുകാവ് ദേവി ക്ഷേത്രം, തിരുവല്ല വല്ലഭ സ്വാമി ക്ഷേത്രം, കവിയൂർ മഹാദേവ ക്ഷേത്രം, മല്ലപ്പള്ളി മഹാദേവ ക്ഷേത്രം, കോട്ടാങ്ങൽ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനത്തിനു ശേഷം മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തും. 9ന് മണിമലക്കാവിൽ ആഴി പൂജ നടത്തിയ ശേഷം 10ന് എരുമേലിയിലെത്തും. 11നാണ് പേട്ട തുള്ളൽ.

ഉച്ചയ്ക്ക് കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്തിനെ ദൃശ്യമാകുന്നതോടെ പേട്ടതുള്ളൽ ആരംഭിക്കും. കൊച്ചമ്പലത്തിൽ നിന്നു ഇറങ്ങുന്ന സംഘം വാവരു പള്ളിയിൽ പ്രവേശിക്കും. പള്ളി ഭാരവാഹികൾ പുഷ്പ വൃഷ്ടി നടത്തിയും കളഭം ചാർത്തിയും സംഘത്തെ സ്വീകരിക്കും. വൈകിട്ട് എരുമേലി ക്ഷേതത്തിൽ ആഴി പൂജ നടത്തി പമ്പയിലേക്ക് യാത്രതിരിക്കും. 13ന് രാവിലെ പമ്പയിൽ എത്തി പമ്പ സദ്യയ്ക്ക് ശേഷം മലകയറി ശബരിമലയിൽ എത്തുന്ന സംഘം ഏഴിന് പതിനെട്ടാം പടി കയറി ദർശനം നടത്തി വിരിയിലേക്ക് പോകും.14ന് അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴപ്പൂജക്ക് എള്ള് നിവേദ്യവും നടത്തും. 15ന് മാളികപ്പുറം മണി മണ്ഡപത്തിൽ ശീവേലി എഴുന്നള്ളത്ത് നടക്കും. കരപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വാർത്താസമ്മേളനത്തിൽ എൻ. ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, ട്രഷറർ ബിജു സാരംഗി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement