സജി വീണ്ടും മന്ത്രി, ആഹ്ളാദം വാനോളം

Tuesday 03 January 2023 11:25 PM IST
t

# നിരാശയൊഴിഞ്ഞ് ജില്ലയിലെ സി.പി.എം പ്രവർത്തകർ

ആലപ്പുഴ: സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിസഭയിലെത്തുന്നതോടെ സഭയിൽ ജില്ലയുടെ പ്രാതിനിദ്ധ്യം വീണ്ടും രണ്ടാവും. എല്ലാ ഇടതു സർക്കാരിലും ജില്ലയിലെ സി.പി.എമ്മിൽ നിന്ന് കുറഞ്ഞത് ഒരു മന്ത്രിയെങ്കിലും ഉറപ്പായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ ഇത് സജി ചെറിയാനിലൂടെ സാദ്ധ്യമായെങ്കിലും ഭരണഘടന വിവാദത്തിൽപ്പെട്ട് സജിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെ നിരാശയിലായ പാർട്ടി നേതൃത്വത്തിനും അണികൾക്കും ഇന്നത്തേത് ആഹ്ളാദ ദിനം.

മന്ത്രിയായിരിക്കെ ജില്ലയുടെ ചുമതല സജി ചെറിയാനായിരുന്നു. സ്ഥാനം ഒഴിഞ്ഞതോടെ കൃഷി മന്ത്രി പി. പ്രസാദിന് ചുമതല നൽകി. ആറുമാസത്തിന് ശേഷം സജീ വീണ്ടും മന്ത്രിയാകുന്നതോടെ ജില്ലയുടെ ചുമതല തിരികെ നൽകാൻ സാദ്ധ്യതയുണ്ട്.

സംസ്ഥാനം രൂപീകൃതമായ ശേഷം അവിഭക്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ജില്ലയിൽ നിന്ന് കെ.ആർ.ഗൗരിഅമ്മയും ടി.വി.തോമസും മന്ത്രിയായി. പാർട്ടി പിളർന്ന ശേഷം 1967ൽ ഇ.എം.എസ് മന്ത്രിസഭയിൽ കെ.ആർ.ഗൗരിഅമ്മയാണ് ജില്ലയിൽ നിന്ന് സി.പി.എം പ്രതിനിധിയായ ആദ്യമന്ത്രി. 1980ലും 1987ലും ഇ.കെ.നായനാർ മന്ത്രിസഭയിൽ കെ.ആർ.ഗൗരിഅമ്മ മന്ത്രിയായി. 1996ൽ ഇ.കെ.നായനാർ മന്ത്രിസഭയിൽ സുശീലഗോപാലനും 2006ൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ജി.സുധാകരനും ഡോ. ടി.എം.തോമസ് ഐസക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാരായി.

# നാലിൽ നിന്ന് രണ്ടിൽ

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജില്ലയിൽ നിന്ന് നാല് മന്ത്രിമാരുണ്ടായിരുന്നു. ജി.സുധാകരൻ (പൊതുമരാമത്ത്, രജിസ്ട്രേഷൻ), ഡോ.ടി.എം.തോമസ് ഐസക്ക് (ധനം), പി.തിലോത്തമൻ (ഭക്ഷ്യം), തോമസ് ചാണ്ടി (ഗതാഗതം) എന്നിവരായിരുന്നു മന്ത്രിമാർ. ഇടക്കാലത്ത് വിവാദത്തിൽ കുടുങ്ങി തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ജില്ലയിൽ നിന്ന് സജി ചെറിയാനും സി.പി.ഐയിലെ പി.പ്രസാദുമായിരുന്നു മന്ത്രിമാർ. സജി ഫിഷറീസ്, സാംസ്കാരിക വകുപ്പുകളായിരുന്നു വഹിച്ചിരുന്നത്. ചെങ്ങന്നൂർ എം.എൽ.എ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സജി ചെറിയാൻ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.

Advertisement
Advertisement