നടി ഗായത്രി ബി.ജെ.പി വിട്ടു

Wednesday 04 January 2023 12:48 AM IST

ചെന്നൈ: കഴിഞ്ഞ വർഷം നവംബറിൽ ബി.ജെ.പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗായത്രി രഘുറാം ഇന്നലെ പാർട്ടിയിൽ നിന്ന് രാജിവച്ചു. തമിഴ്നാട് ബി.ജെ.പിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രിയുടെ രാജി. ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ് കാരണമാണ് തന്റെ രാജിയെന്നും അവർ ആരോപിച്ചു. എന്നാൽ ഗായത്രിയുടെ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് കെ. അണ്ണാമലൈയ് പറഞ്ഞു.

പാർട്ടിവിരുദ്ധ പ്രവർത്തനത്തിനാണ് കഴിഞ്ഞ നവംബർ 23 ന് ഗായത്രിയെ ബി.ജെ.പിയിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ച ഗായത്രി അത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു.