രണ്ട് ദിനം, രണ്ട് ഭിന്നവിധിയുമായി ജസ്റ്റിസ് ബി വി നാഗരത്ന
ന്യൂഡൽഹി:തുടർച്ചയായി രണ്ട് ദിവസങ്ങളിൽ ഭിന്നവിധി രേഖപ്പെടുത്തി ജസ്റ്റിസ് ബി.വി നാഗരത്ന. ഒരേ ഭരണഘടന ബെഞ്ചിന്റെ രണ്ട് സുപ്രധാന വിധികളിലാണ് ഭിന്നവിധി പുറപ്പെടുവിച്ച് ജസ്റ്റിസ് നാഗരത്ന ശ്രദ്ധേയയായത്. നോട്ട് അസാധുവാക്കലിലും പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുമുള്ള വിധികളിലാണ് ജസ്റ്റിസ് നാഗരത്നയുടെ ഭിന്നവിധികൾ.
രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാൻ സാദ്ധ്യതയുള്ള ജസ്റ്റിസ് നാഗരത്ന സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കിട്ടരാമയ്യരുടെ മകളാണ്. സീനിയോറിറ്റി പ്രകാരം 2027 സെപ്തംബർ 23 ന് നാഗരത്ന ചീഫ് ജസ്റ്റിസ് ആകേണ്ടതാണ്. പിതാവിന്റെ പാത പിന്തുടർന്ന് ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെയാളായിരിക്കും ജസ്റ്റിസ് നാഗരത്ന. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് ആദ്യത്തെയാൾ.
1987 ഒക്ടോബർ 28 ന് ബാംഗ്ലൂരിലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. 2008 ഫെബ്രുവരി 18 ന് കർണ്ണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2010 ഫെബ്രുവരി 17 ന് സ്ഥിരം ജഡ്ജിയായി. 2021 ൽ സുപ്രീം കോടതി ജഡ്ജിയായി. പിതാവ് 1989 ൽ ആറ് മാസമാണ് ചീഫ് ജസ്റ്റിസ് ആയിരുന്നതെങ്കിൽ മകൾ 36 ദിവസം മാത്രമേ ചരിത്ര പദവിയിൽ ഇരിക്കൂ.