തമിഴ്നാട്ടിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Wednesday 04 January 2023 12:57 AM IST

കടലൂർ: തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ട്രിച്ചി - ചെന്നൈ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

കടലൂർ ജില്ലയിലെ വെയ്പൂരിന് സമീപം ദേശീയപാതയിൽ രണ്ട് സ്വകാര്യ ബസുകളും രണ്ട് ലോറികളും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്‌. പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി വെപ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.