'ഇന്ത്യ യുദ്ധത്തിന് എതിര്"
ഇറ്റാനഗർ: ഇന്ത്യ എന്നും യുദ്ധത്തിന് എതിരാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അരുണാചൽ പ്രദേശിലെ ബോലെംഗിൽ ബോഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ) പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 724 കോടി രൂപ ചെലവിൽ ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമേഖലകളിൽ നിർമ്മിച്ച പാലങ്ങളും റോഡുകളുമുൾപ്പെടെ 28 അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
അടുത്തിടെ, നമ്മുടെ സൈന്യം വടക്കൻമേഖലയിലെ എതിരാളിയെ ഫലപ്രദമായനേരിടുകയും ധൈര്യത്തോടെയും അവരെ തുരത്തിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ചൈനയെ പരോക്ഷമായി വിമർശിച്ചായിരുന്നു സിംഗിന്റെ പരാമർശം. മേഖലയിൽ വേണ്ടത്ര അടിസ്ഥാന സൗകര്യ വികസനം നടത്തിയതിനാലാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒമ്പതിനാന് അരുണാചലിലെ തവാങ് സെക്ടറിലെ യാങ്‌സെയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായത്.
2022ൽ പൂർത്തിയാക്കിയ 28 പദ്ധതികളുടെ ഉദ്ഘാടനത്തോടെ, 2,897കോടി രൂപ ചെലവിൽ ആകെ 103 അടിസ്ഥാന സൗകര്യ പദ്ധതികൾ ഈ വർഷം രാജ്യത്തിന് സമർപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 2,173 കോടി രൂപയുടെ 75 പദ്ധതികൾ ലഡാക്കിലെ ഷയോക് ഗ്രാമത്തിൽ നിന്നുള്ള സിംഗ് ഉദ്ഘാടനം ചെയ്തു. 2021ൽ 2,229കോടി രൂപ ചെലവിൽ ബി.ആർ.ഒ നിർമ്മിച്ച 102 പദ്ധതികളാണ് രാജിനാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചത്.
724 കോടിയുടെ പദ്ധതി
പൂർത്തിയാക്കിയ പദ്ധതി - 28
ചെലവ് - 724 കോടി
2022ൽ പൂർത്തിയാക്കിയ ആകെ പദ്ധതി - 103
ആകെ ചെലവ് - 2,897 കോടി
2021 ൽ ഉദ്ഘാടനം ചെയ്ത പദ്ധതികൾ - 102
ആകെ ചെലവ് - 2,229കോടി
ഷയോക്ക് ഗ്രാമത്തിൽ നടപ്പാക്കിയ പദ്ധതി- 75
ആകെ ചെലവ്- 2,173 കോടി