എൽ.എ.സി ഏകപക്ഷീയമായി മാറ്റാൻ ചൈന ശ്രമിച്ചു: എസ്. ജയശങ്കർ

Wednesday 04 January 2023 2:10 AM IST

വിയന്ന: യഥാർത്ഥ നിയന്ത്രണ രേഖ ഏകപക്ഷീയമായി മാറ്റാൻ ചൈന ശ്രമിച്ചെന്നും ചൈന കരാറുകൾ പാലിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. അന്താരാഷ്ട്ര മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ചൈനീസ് നീക്കത്തിനെതിരെ വീണ്ടും ശക്തമായി പ്രതികരിച്ചത്. എൽ.എ.സി ഏകപക്ഷീയമാക്കി മാറ്റരുതെന്ന് കരാറുണ്ടായിരുന്നതാണ്.

എൽ.എ.സിയുടെ പടിഞ്ഞാറുള്ള ഗാൽവാൻ താഴ്വരയിലും പാങ്കോംഗ് തടാകത്തിന് സമീപവും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. കിഴക്കൻ തവാങ്ങിൽ ഇന്ത്യ-ചൈന സംഘർഷം നടന്നു. അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കരുതെന്ന് ചൈനയുമായി കരാറുണ്ടായിരുന്നു. അവർ അത് പാലിച്ചില്ല. അതിനാലാണ് നിലവിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നത്. ഡിസംബർ 20 ന് ചൈനീസ് ഭാഗത്തുള്ള ചുഷുൽമോൾഡോ അതിർത്തി പോയിന്റിൽ 17ാം റൗണ്ട് കോർപ്സ് കമാൻഡർ ലെവൽ ചർച്ച നടത്തുകയും പടിഞ്ഞാറൻ സെക്ടറിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സമ്മതിക്കുകയും ചെയ്തു. ഇന്ത്യ കരാറുകൾ പാലിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത് എന്നാൽ, ആരാണ് തെറ്റ് ചെയ്തതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമായി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഉപഗ്രഹ ചിത്രങ്ങൾ ഉണ്ട്, ആരാണ് ആദ്യം അതിർത്തി പ്രദേശങ്ങളിലേക്ക് സേനയെ മാറ്റിയതെന്ന് പരിശോധിച്ചാൽ എല്ലാം വ്യക്തമാകും. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളുടെ കൂട്ടത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.