ബെനഡിക്ട് പതിനാറാമന് അന്ത്യാഞ്ജലി അർപ്പിച്ച് ജനലക്ഷം
വത്തിക്കാൻ സിറ്റി: മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമന് ആദരാജ്ഞലി അർപ്പിക്കാൻ പതിനായിരക്കണക്കിനാളുകളാണ് വത്തിക്കാനിലെത്തുന്നത്. തിങ്കളാഴ്ച മാത്രം 65,000 പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. വ്യാഴാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ സംസ്‌കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകും. ഇന്ന് 12 മണിക്കൂറായിരിക്കും പൊതുദർശനം ഉണ്ടാകുക.
വത്തിക്കാനിലെ ആശ്രമത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ മൂന്ന് ദിവസത്തെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച രാവിലെ 9ന് (ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2ന്)നടത്തും. ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമികത്വത്തിലാണ് സംസ്കാരം നടത്തുക. മാർപ്പാപ്പയുടെ താത്പര്യമനുസരിച്ച് സെന്റ്. പീറ്രേഴ്സ് ബസിലിക്കയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശവകുടീരത്തിനു സമീപം ബെനഡിക്ട് പതിനാറാമനേയും അടക്കം ചെയ്യുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഒരു ദശാബ്ദക്കാലമായി അദ്ദേഹം താമസിച്ചിരുന്ന മാറ്റർ എക്ലീസിയ ആശ്രമത്തിൽ വച്ച് ശനിയാഴ്ചയാണ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചത്. കർത്താവേ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകളെന്ന് വത്തിക്കാൻ പറഞ്ഞു. എട്ട് വർഷക്കാലം കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആരോഗ്യം ക്ഷയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി വച്ചത്.