വഴീ നീളെ കെെയേറ്റം, വാ തുറന്ന് അപകടം
തൃശൂർ: കച്ചവടത്തിനും കൊടിതോരണങ്ങൾ സ്ഥാപിക്കാനും മറ്റുമായി നടപ്പാതകൾ കെെയേറുന്നത് മൂലം കാൽനടയാത്രികർ പെരുവഴിയിൽ. ജില്ലയിൽ, ഭൂരിഭാഗം പ്രദേശങ്ങളിലും ഈ സ്ഥിതി തുടരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നത് തടയാൻ ജില്ലാ, പ്രാദേശിക തലങ്ങളിൽ സമിതികളുണ്ടാക്കണമെന്ന ഹെെക്കോടതി നിർദ്ദേശവും നടപ്പായില്ല.
ഫുട്പാത്തുകൾ കൈയേറുന്നതിനാൽ, കാൽനട യാത്രികർക്ക് റോഡിലിറങ്ങേണ്ടി വരുന്നതിനാൽ വാഹനാപകടങ്ങളും പെരുകുന്നു. കഴിഞ്ഞദിവസം തൃശൂർ കോർപ്പറേഷന് മുന്നിൽ നെെറ്റ് ഷോപ്പിംഗ് ഫെസ്റ്റിന് സ്ഥാപിച്ച അലങ്കാരപ്പന്തൽ കാറ്റത്ത് മറിഞ്ഞ് ഓട്ടോയ്ക്കു മുകളിൽ വീണ് ഓട്ടോ ഡ്രെെവർ അവിണിശേരി സ്വദേശി ജോണി, നടന്നു പോകുകയായിരുന്ന ഗുരുവായൂർ സ്വദേശി ആൻ്റണിയുടെ ഭാര്യ മേഴ്സി എന്നിവർക്ക് പരിക്കേറ്റിരുന്നു. പന്തൽ ശരിയായി ഉറപ്പിക്കാത്തതിനാലാണ് വീണത്. തൃശൂർ റൗണ്ട്, ഹെെറോഡ്, ജോസ് തിയേറ്റർ പരിസരം, എം.ജി റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കെെയേറ്റമുണ്ട്. മ്യൂസിയം പരിസരത്തെ വഴിയോരക്കച്ചവടക്കാരിൽ പലരെയും ഒഴിപ്പിച്ചിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ളവർ വീണ്ടും പ്രത്യക്ഷപ്പെട്ടു.
- ഇടപെടേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ
കെെയേറ്റത്തിനെതിരെ നടപടിയെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഗതാഗത തടസത്തിൽ മാത്രമാണ് പൊലീസിന് ഇടപെടാനാകുക. മുമ്പ് പൊലീസ് രംഗത്തിറങ്ങി അനധികൃത കൊടിതോരണങ്ങളും പ്രചാരണോപാധികളും നീക്കം ചെയ്തിരുന്നത് രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് നിന്നു. കടകളിലെ സാധനങ്ങൾ വിൽപ്പനയ്ക്കായി ഫുട്പാത്തിലേക്ക് ഇറക്കിവയ്ക്കുന്നതും പതിവാണ്.
- കെെയേറ്റം അറിയിക്കാം
ഫുട്പാത്തുകളിലെ അനധികൃത കച്ചവടം, സാധനങ്ങൾ നിരത്തിവയ്ക്കൽ, പ്രചാരണ സാമഗ്രികൾ സ്ഥാപിക്കൽ, കൈയേറ്റം, പാർക്കിംഗ് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്ഥാപന മേധാവിയോടോ പൊലീസിനോടോ പരാതിപ്പെടാം. നഗരത്തിലെ കൈയേറ്റം പൊലീസിനെ അറിയിക്കേണ്ട നമ്പർ: 0487-2424192.
- കോർപ്പറേഷൻ കേസ് 12ന്
അയ്യന്തോളിൽ ഡിവെെഡറിലെ തോരണം കഴുത്തിലുടക്കി അഭിഭാഷകയ്ക്ക് പരിക്കേറ്റപ്പോൾ തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയെ ഹെെക്കോടതി വിളിപ്പിച്ച് ശാസിക്കുകയും ബോർഡുകൾ നീക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനുണ്ടെന്ന് കോർപ്പറേഷൻ്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കേസ് 12ലേക്ക് മാറ്റി.