സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി
Wednesday 04 January 2023 2:07 AM IST
ബാലുശേരി : വട്ടോളി ബസാറിനടുത്ത് പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ബാലുശ്ശേരി പൊലീസ് പിടികൂടി.
വയനാട് മുട്ടിൽ സ്വദേശി കുറ്റിപിലാക്കിൽ റഹീസ് (24) ആണ് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു കിനാലൂർ സ്വദേശിയായ കളരിയിൽ സുബൈറിന്റെ സ്കൂട്ടർ മോഷ്ടിച്ചത്. സി.ഐ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ജൂനിയർ എസ്.ഐ അഫ്സൽ, സി.പി.ഒ ജംഷി, ഡൈവർ ബൈജു എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രതിയെ സംബന്ധിച്ച് സൂചനകൾ മനസിലാക്കിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൂനൂരിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.