സുനാമി ഇറച്ചി വ്യാപകം.

Thursday 05 January 2023 12:53 AM IST

കോട്ടയം . ഭക്ഷ്യവിഷബാധ വ്യാപകമായതോടെ സുനാമി ഇറച്ചി കോട്ടയത്ത് പല ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുന്നതായുള്ള സംശയം ബലപ്പെട്ടു. തമിഴ്നാട്ടിലെ നാമക്കൽ, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ലോഡ് കണക്കിന് കോഴികൾ എത്തുന്നത്. ഒരു ലോഡിൽ 2000 കോഴി വീതം മിനിമം അഞ്ചുലോഡ് കോഴികൾ ദിവസവും എത്താറുണ്ട്. വെള്ളി ,ശനി ദിവസങ്ങളിൽ ലോഡ് കൂടും. ഇതിൽ പത്തു ശതമാനം കോഴികൾ ചൂടുമൂലവും പരസ്പരം ചവിട്ടിയും കൊത്തിപ്പറിച്ചും വെള്ളവും ആഹാരവും കിട്ടാതെ ചാകും. രണ്ട് കിലോ വരുന്ന ഒരു കോഴിയ്ക്ക് വില കൂടി നിൽക്കു ന്ന സീസണിൽ 225 - 250 രൂപ വരെയാണ്. ചത്ത കോഴികളെ സംസ്കരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരെണ്ണത്തിന് 100 രൂപ നിരക്കിൽ ഹോട്ടലുകൾക്കും ബേക്കറികൾക്കും നൽകും. കുഴിമന്തി,അൽഫാം, ഷവർമ, സാൻഡ് വിച്ച്,​ പഫ്സ് തുടങ്ങിയ വിഭവങ്ങളായി ഇത് തീൻ മേശയിൽ എത്തും. ഉയർന്ന താപനിലയിൽ പാകം ചെയ്യാൻ സാദ്ധ്യത ഇല്ലാത്ത ഭക്ഷണവിഭവങ്ങൾ ആയതിനാലാണ് ഭക്ഷ്യവിഷബാധയ‌്ക്ക് കൂടുതലായും കാരണമാകുന്നത്.

അനങ്ങാപ്പാറ നയം തുടർന്ന്.

ജില്ലയിൽ സർക്കാർ അംഗീകാരമുള്ള സ്ലോട്ടർ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാൽ സ്വകാര്യ വ്യക്തികൾ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്. കോട്ടയം നഗരസഭയിലെ സ്ലോട്ടർ ഹൗസ് പൂട്ടിയിട്ട് വർഷങ്ങളായി ഇതിനു ശേഷം സ്വകാര്യ ഹൗസുകളിൽ നിന്നുള്ള മാംസമാണ് നഗരത്തിലെ ഹോട്ടലുകളിൽ എത്തുന്നത്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. സുനാമി ഇറച്ചി ജില്ലയിൽ എത്തിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടും യാതൊരു വിധ പരിശോധനകളും ഭക്ഷ്യസുരക്ഷാവിഭാഗമോ, ആരോഗ്യവകുപ്പോ നടത്തിയിട്ടില്ല.

ഗുരുതര ആരോഗ്യപ്രശ്നം.

തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പാടശേഖരങ്ങളിൽ ഉഴുന്നതിനും, വണ്ടിക്കാളകളായും ഉപയോഗിക്കുന്ന മാടുകളെയാണ് പ്രായമാകുമ്പോൾ അറവിനായി നൽകുന്നത്. ഇത്തരത്തിൽ ഉഴുന്നതിന് ഉപയോഗിക്കുന്ന മാടുകളുടെ തുട ഭാഗത്ത് അടിയേറ്റ് രക്തം ചത്തു കിടക്കാറുണ്ട്. ഇത്തരത്തിലുള്ള ഭാഗങ്ങളും, കരളും ആഹാരമാക്കാറില്ല. ഇവയാണ് പലഹാരങ്ങൾ ഉണ്ടാക്കാനായി വൻ തോതിൽ ജില്ലയിലേയ്‌ക്ക് എത്തുന്നത്. രക്‌തം കല്ലിച്ചു കിടക്കുന്ന ശരീരഭാഗം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യ വിഭാഗം പറയുന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറയുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പ് പരാജയപ്പെട്ടതാണ് സുനാമി ഇറച്ചി വൻതോതിൽ എത്താൻ കാരണം.ജീവനക്കാർ കുറവ്, പരിശോധനാ സംവിധാനമില്ല തുടങ്ങിയ തൊടുന്യായങ്ങൾ നിരത്തി റെയ്ഡ് നടക്കുന്നില്ല. ഉത്തരവാദിത്വം സർക്കാരിനാണ്. ഭക്ഷ്യവിഷബാധ ഉണ്ടായാലും പ്രതികളെ രക്ഷിക്കാനാണ് ശ്രമം.

Advertisement
Advertisement