പി എസ് സി ഓൺലൈൻ പരീക്ഷ കേന്ദ്രം സജ്ജം.

Thursday 05 January 2023 12:26 AM IST

കോട്ടയം . ഇനി പി എസ് സിയ്ക്ക് ഓൺലൈൻ പരീക്ഷകൾ നടത്താൻ വാടക നൽകേണ്ട. സ്വന്തം കെട്ടിടത്തിൽ അതിനുള്ള സൗകര്യമൊരുങ്ങി. പ്രവർത്തനോദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30 ന് ചെയർമാൻ ഡോ. എം.ആർ. ബൈജു ഉദ്ഘാടനം നിർവഹിക്കും. പി എസ് സി അംഗം ഡോ. കെ.പി.സജിലാൽ അദ്ധ്യക്ഷത വഹിക്കും. 165 ഇരിപ്പിടങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രം പുതിയതായി നിർമ്മിച്ച പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരത്തിന്റെ രണ്ടാംനിലയിലാണ് പ്രവർത്തിക്കുക. ഒക്ടോബറിൽ പുതിയ ജില്ലാ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തെങ്കിലും ഓൺലൈൻ പരീക്ഷാകേന്ദ്രം സജ്ജമായിരുന്നില്ല. മൂന്ന് മാസത്തിനുള്ളിൽ ഇത് സജ്ജമാക്കുമെന്നായിരുന്നു ഉറപ്പ്. പരീക്ഷാകേന്ദ്രം നിലവിൽ വരുന്നതോടെ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. 50 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 165 ഇരിപ്പിടങ്ങളുള്ള മറ്റൊരു പരീക്ഷാ കേന്ദ്രവും നിർമ്മിക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ കെ.ആർ. മനോജ്കുമാർ പിള്ള അറിയിച്ചു. പി.എസ്.സി. അംഗങ്ങളായ സി. സുരേശൻ, ബോണി കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ പി.ശ്രീലേഖ, പി.എസ്.സി സെക്രട്ടറി സാജു ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Advertisement
Advertisement