'എല്ലാ എടമും നമ്മ എടം' ആവേശം നിറച്ച് വാരിസ് ട്രെയ്‌ലർ

Thursday 05 January 2023 6:00 AM IST

ആരാധകരെ ആവേശഭരിതരാക്കി വിജയ് ചിത്രം വാരിസ് ട്രെയിലർ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 12ന് തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന് ഫാൻസ് ഷോ ഉൾപ്പെടെ കേരളത്തിൽ 100 ലധികം പ്രദർശനങ്ങൾ ഉണ്ടാകും. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് അച്ഛൻ വേഷത്തിൽ.എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മാണം. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.