സിയാച്ചിൻ യുദ്ധഭൂമിയിൽ ആദ്യ വനിതാ ഓഫീസർ; ചരിത്രം കുറിച്ച് ക്യാപ്റ്റൻ ശിവ ചൗഹാൻ

Thursday 05 January 2023 1:09 AM IST

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞുമല കാക്കാൻ വിന്യസിച്ച ആദ്യ വനിതാ ഓഫീസറായി ചരിത്രം കുറിച്ച് കരസേനയിലെ ഫയർ ആൻഡ് ഫ്യൂറി കോർ ക്യാപ്റ്റൻ ശിവ ചൗഹാൻ.

കഠിനമായ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് സിയാച്ചിനിൽ ശിവയെ നിയോഗിച്ചതെന്ന് ഫയർ ആൻഡ് ഫ്യൂറി കോർ അറിയിച്ചു.15,632 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഉത്തര ഗ്ലേഷ്യർ ബറ്റാലിയന്റെ ആസ്ഥാനമായ കുമാർ പോസ്റ്റിൽ മൂന്നു മാസത്തേക്കാണ് നിയമനം. ജനുവരി രണ്ടിന് സിയാച്ചിനിലെ ദൗത്യം തുടങ്ങിയ ശിവ അവിടെ ഒരു ടീമിന്റെ ലീഡർ ആയിരിക്കും.

ഇതോടെ യുദ്ധവിമാനങ്ങളിലും യുദ്ധക്കപ്പലുകളിലും മികവു തെളിയിച്ച ഇന്ത്യൻ വനിതകളുടെ അഭിമാനപട്ടികയിൽ ക്യാപ്‌റ്റൻ ശിവയും ഇടം നേടി

രാജസ്ഥാൻ സ്വദേശിയായ ക്യാപ്റ്റൻ ശിവ ചൗഹാന് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സേനയിൽ ചേരണമെന്നത്. 11-ാം വയസിൽ അച്ഛൻ മരിച്ച ശിവയെ വളർത്തിയത് അമ്മയാണ്. ഉദയ്‌പൂർ എൻ.ജെ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ലഭിച്ച മറ്റ് ജോലികൾക്കുള്ള ഒാഫറുകൾ വേണ്ടെന്നു വച്ചു. ചെന്നൈയിലെ ഒാഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലെ (ഒ.ടി.എ) പരിശീലനത്തിന് ശേഷം 2021 മേയിൽ എൻജിനീയർ റെജിമെന്റിൽ കമ്മിഷൻഡ് ഒാഫീസറായി ചേർന്നു.

ഒ.ടി.എ പരിശീലനത്തിനിടെ മികച്ച പ്രകടനം കാഴ്‌ചവച്ച ശിവ 2022 ജൂലൈയിൽ കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് സിയാച്ചിൻ യുദ്ധസ്‌മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധസ്‌മാരകത്തിലേക്ക് 508 കിലോമീറ്റർ സൈക്ലിംഗ് പര്യവേക്ഷണത്തിൽ സുര സോയി എൻജിനീയർ റെജിമെന്റിലെ പുരുഷ സൈനികരെ നയിച്ച ശിവയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് സിയാച്ചിൻ യുദ്ധ സ്‌കൂളിൽ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമലകളിൽ കയറാനും ഹിമപാതത്തയും ഹിമാനിയിലെ അഗാധ ഗർത്തങ്ങളെയും അതിജീവിക്കാനും രക്ഷാപ്രവർത്തനം നടത്താനും മറ്റുമുള്ള കഠിന പരിശീലനമാണ് നേടിയത്. മൈനസ് 60 ഡിഗ്രി വരെ കൊടും ശൈത്യമുള്ള സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറെന്ന നിലയ്‌ക്ക് ശിവയ്‌ക്കായി ടോയ്‌ലെറ്റ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേക കൂടാരം തന്നെ സേന ഒരുക്കിയിട്ടുണ്ട്.