ഓഹരി നിക്ഷേപത്തട്ടിപ്പ്: ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ  

Thursday 05 January 2023 8:49 PM IST

തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാനപ്രതികളും മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളുമായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബായിൽനിന്ന് കാഠ്മണ്ഡുവഴി ദമ്പതികൾ ബുധനാഴ്ച രാത്രി ഏഴരയോടെ ന്യൂഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി. പൊലീസ് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനെത്തുടർന്ന് എയർപോർട്ടിൽ ഇവരെ തടഞ്ഞുവെച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്നാവും ചോദ്യംചെയ്യുക.

പൊലീസ് പറയുന്നത്: തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ, മാസ്റ്റേഴ്സ് ആർ.സി.സി തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരായി രണ്ടുലക്ഷം മുതൽ മൂന്നുകോടിരൂപവരെ നിക്ഷേപകരിൽനിന്ന് വാങ്ങി. 2014ൽ തുടങ്ങിയ സ്ഥാപനം ഈ വർഷം മാർച്ചുവരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങുകയായിരുന്നു. 30 കോടിയായിരുന്നു ആദ്യം പുറത്തുവന്ന തട്ടിപ്പിന്റെ വ്യാപ്തി. നവംബർ 29ന് പ്രതികൾ രാജ്യംവിട്ടു. പിന്നാലെയാണ് 60 ഓളം പരാതിക്കാർ രംഗത്തെത്തുന്നത്. ഇപ്പോൾ 200 കോടിരൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി, ജീവനക്കാരായ ജേക്കബ് ഷിജോ എന്നിവരെ പ്രതികളാക്കിയാണ് ഇപ്പോൾ അന്വേഷണം. തൃക്കാക്കര പൊലീസ് രജിസ്റ്റർചെയ്ത ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിനെത്തുടർന്ന് എബിൻ വർഗീസും കുടുംബവും റെസിഡന്റ് വിസയിൽ ദുബായിലേക്ക് കടന്നിരുന്നു. എബിൻ വർഗീസിന്റെ അമ്മ ഷീലയും എബിന്റെ മക്കളും ഒരാഴ്ചമുമ്പ് ഏലൂരുള്ള വീട്ടിൽ മടങ്ങിയെത്തിയിരുന്നു.

Advertisement
Advertisement