ഗോവ എഫ്.സിയുമായി കളിക്കാൻ ചെറുപുഴയിലെ സ്കൂൾ ടീം
കണ്ണൂർ: മലയോര പഞ്ചായത്തായ ചെറുപുഴയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബാൾ ടീമംഗങ്ങളായ കുട്ടികൾ ആവേശത്തിലാണ്. ഐ.എസ്.എൽ ടീമായ സാക്ഷാൽ എഫ്.സി ഗോവയുടെ അണ്ടർ 14 ടീമുമായി കളിക്കാൻ അവസരമൊരുങ്ങിയതിലാണ് കുട്ടികളെ ആവേശത്തിലാക്കിയത്. നാളെയും മറ്റന്നാളുമായി മപുസയിൽ നടക്കുന്ന 14 വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ പങ്കെടുക്കാൻ 20 പേരടങ്ങുന്ന മിടുക്കന്മാരുടെ ടീം ഇന്ന് വൈകുന്നേരം പുറപ്പെടും.
നാളെ വൈകീട്ട് 7ന് എഫ്.സി ഗോവയോടും ശനിയാഴ്ച ബെനിഫിക്കയോടും മത്സരിക്കും. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ഫുട്ബാൾ അക്കാഡമി എഫ്.സി ഗോവയുമായി ഏറ്റുമുട്ടുന്നത്. കളിക്കാനും പരിശീലനത്തിനും സ്കൂൾ ഗ്രൗണ്ടുകൾ മാത്രമുള്ള മലയോര മേഖലയിൽ നിന്ന് ഒരു ടീം ഈ നേട്ടം കൈവരിക്കുമ്പോൾ അതിന് മധുരമേറെയാണ്. കേരളത്തിലും കർണ്ണാടകയിലും നിരവധി പരിശീലന കേന്ദ്രങ്ങളുള്ള ഫസ്റ്റ് ടച്ച് ഫുട്ബാൾ അക്കാഡമിയാണ് താരങ്ങളെ പരിശീലിച്ചിപ്പിച്ചത്. 5 മുതൽ 16 വയസുവരെയുള്ളവർക്കാണ് ഇവർ പരിശീലനം നൽകുന്നത്. ഇന്ത്യയിലെ പ്രമുഖ ക്ളബുകളായ വാസ്കോ ഗോവ, കെങ്കര എഫ്.സി തുടങ്ങിയ ക്ലബ്ബുകളുടെ ഗോൾമുഖം കാത്ത പി. സിയാസ്, എ.കെ രൂപക് എന്നിവരാണ് പരിശീലകർ.
സ്കൂളിൽ ഇപ്പോൾ ആൺകുട്ടികളെ മാത്രമാണ് പരിശീലിപ്പിക്കുന്നത്. വരും വർഷങ്ങളിൽ അത് തുടരുന്നതിനൊപ്പം പെൺകുട്ടികൾക്കും പരിശീലനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ സിസ്റ്റർ ഭാഗ്യ പറഞ്ഞു.
കുട്ടികൾക്ക് കായിക മേഖലയിലുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിശീലനം ആരംഭിച്ചത്. രക്ഷിതാക്കളും വലിയ പിന്തുണയുമായി മുന്നോട്ട് വന്നു.
സിസ്റ്റർ ഭാഗ്യ, പ്രിൻസിപ്പൽ ,സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് സ്കൂൾ,ചെറുപുഴ
ഫുട്ബാൾ കളിക്കാൻ താത്പര്യമുള്ളവർക്ക് അവരുടെ നാട്ടിൽ പരിശീലനം നൽകുന്ന രീതിയാണ് സ്വീകരിക്കുന്നത്.
- പി.സിയാസ് : മുഖ്യ പരിശീലകൻ