വന്യജീവി ഭീഷണിയിൽ ആയിത്തറ

Wednesday 04 January 2023 9:04 PM IST
വന്യജീവി കടിച്ചുകൊന്ന ആട്

കൂത്തുപറമ്പ്: അജ്ഞാത വന്യജീവിയുടെ അക്രമത്തിൽ പൊറുതിമുട്ടി ആയിത്തറ പാറയിലെ ജനങ്ങൾ. നിരവധി വളർത്തുമൃഗങ്ങളെയാണ് വന്യജീവി ഏതാനും മാസങ്ങൾക്കിടെ കടിച്ചുകൊന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ ഷിബിന ജിനേഷിന്റെ ആടിനെ കടിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. ആടിന്റെ തല ഭാഗികമായി ഭക്ഷിച്ച നിലയിലാണുള്ളത്. ഏതാനും നാളുകൾക്ക് മുൻപ് മൂന്നു പൂച്ചകളെയും വന്യജീവി സമാന രീതിയിൽ കൊന്ന് ഭക്ഷിച്ചിരുന്നു. ഒരു വർഷം മുൻപ് പ്രദേശത്തെ ഒരു സ്ത്രീയും ജീവിയുടെ അക്രമത്തിനിരയായിരുന്നു.

ഇന്നലെ പുലർച്ചെയോടെ പ്രദേശത്തുള്ള ഒരാൾ ജീവിയെ നേരിട്ട് കണ്ടിരുന്നു. പച്ചക്കറി കൃഷിക്ക് വെള്ളം നനയ്ക്കാനെത്തിയ പ്രദേശവാസിയാണ് നല്ല വലുപ്പവും നീണ്ട വാലുമുള്ള ജീവിയെ കണ്ടത്. ടോർച്ചടിച്ചപ്പോൾ വന്യജീവി കാട്ടിലേക്ക് ഓടി മറയുകയാണുണ്ടായത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. അതേസമയം ആയിത്തറയിൽ തമ്പടിച്ചിട്ടുള്ള ജീവി പുലിയല്ലെന്നാണ് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പറയുന്നത്. ഇതിനിടയിൽ ഏതാനും ദിവസം മുൻപ് പുലിയെന്ന് സംശയിക്കുന്ന ജീവിയേയും സമീപ പ്രദേശത്തായി കണ്ടിരുന്നു. അത് പുലി തന്നെയാണെന്നാണ് അധികൃതരും വിലയിരുത്തിയിട്ടുളളത്. പുലിയെന്ന് കരുതുന്ന ജീവിയെയും അജ്ഞാതവന്യമൃഗത്തെയും നിരന്തരം കാണാൻ തുടങ്ങിയതോടെ ഭയപ്പാടിലായിരിക്കുകയാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് നാട്ടുകാർ.