ആനയറ വേൾഡ് മാർക്കറ്റിൽ ന്യൂ ഇയർ ഫെസ്റ്റിന് തുടക്കം

Thursday 05 January 2023 3:45 AM IST

തിരുവനന്തപുരം: ആനയറയിൽ പ്രവർത്തിക്കുന്ന കാർഷിക നഗര മൊത്തവ്യാപാര വിപണിയിൽ (വേൾഡ് മാർക്കറ്റ്) ഷോപ്പ് ഓണേഴ്സ് അസോസിയേഷനും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ന്യൂ ഇയർ ഫെസ്റ്റിന് തുടക്കമായി.15 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആനയറ വേൾഡ് മാർക്കറ്റിന്റെ എല്ലാ സാദ്ധ്യതകളും വിനിയോഗിക്കുമെന്നും കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിന്റെ സാദ്ധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ഡി.ജി. കുമാരൻ, ഗോപകുമാർ പി.കെ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും പങ്കെടുത്തു.101 കർഷകരെ ചടങ്ങിൽ ആദരിച്ചു. വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്ക് ന്യായവിലയിൽ വിഷരഹിതമായ പച്ചക്കറി വാങ്ങാൻ അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ന്യൂ ഇയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ട്രേഡ് ഫെയർ, നഴ്സറി, അക്വാഷോ, പെറ്റ്‌ഷോ, കന്നുകാലി പ്രദർശനം, ഫുഡ്‌ഫെസ്റ്റ്, ബോട്ടിംഗ്,അമ്യൂസ്‌മെന്റ് പാർക്ക്,ഫാം ടൂറിസം,കുതിരസവാരി,കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെയാണ് ഫെസ്റ്റ് . പ്രവേശനം സൗജന്യമാണ്.

Advertisement
Advertisement