ദൂരദർശൻ, ആകാശവാണി നവീകരണം: 2,539 കോടിയുടെ അംഗീകാരം

Thursday 05 January 2023 1:59 AM IST

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 2,539.61 കോടി രൂപയുടെ ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (ബിൻഡ്) പദ്ധതിക്ക് സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നൽകി. പദ്ധതിക്കു കീഴിൽ രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തെ ഉൾക്കൊള്ളിച്ച് ആകാശവാണിയുടെ എഫ്.എം കവറേജ് വർദ്ധിപ്പിക്കും.

എട്ട് ലക്ഷം ഡി.ഡി സൗജന്യ ഡിഷ് ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്സുകൾ, വിദൂര, ആദിവാസി, ഇടതുതീവ്രവാദ ബാധിത മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും, തിരഞ്ഞെടുത്ത ജില്ലകളിലും വിതരണം ചെയ്യും.

മൂന്നു വർഷത്തിനുള്ളിൽ പദ്ധതിക്കു കീഴിൽ ദൂരദർശന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കും. ഉയർന്ന നിലവാരമുള്ള ഉള്ളടക്കം ഉറപ്പാക്കും. കൂടുതൽ ചാനലുകൾ ഉൾക്കൊള്ളുന്നതിന് ഡി.ടി.എച്ച് പ്ലാറ്റ്‌ഫോമിന്റെ ശേഷി ഉയർത്തും. വാർത്താശേഖരണത്തിനായി ഒ.ബി വാനുകൾ വാങ്ങും. ദൂരദർശൻ, ആകാശവാണി സ്റ്റുഡിയോകളുടെ ഡിജിറ്റൽ നവീകരണം ഹൈ ഡെഫിനിഷൻ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

ടി.വി / റേഡിയോ പരിപാടികളുടെ നിർമ്മാണം, പ്രക്ഷേപണം, അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടെ പരോക്ഷ തൊഴിൽ സാദ്ധ്യതയും ഉറപ്പാക്കും. പദ്ധതി ഡി.ഡി ഫ്രീ ഡിഷ് ഡി.ടി.എച്ച് ബോക്‌സ് നിർമ്മാണത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Advertisement
Advertisement